സർക്കാർ സ്ഥാപനങ്ങളുടെയോ പ്രശസ്ത കമ്പനികളുടേതോ ആണെന്ന് പറഞ്ഞുകൊണ്ട് വ്യാജ വെബ്‌സൈറ്റുകളും കോളുകളും ടെക്‌സ്‌റ്റ് സന്ദേശങ്ങളും ലിങ്കുകളും അയച്ചുകൊണ്ട് തട്ടിപ്പുകാർ ഉപയോഗിക്കുന്ന പുതിയ മാർഗങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
തട്ടിപ്പുകാരുടെ ഓഫറുകൾ വിശ്വസിച്ച് വ്യാജ വെബ്‌സൈറ്റിൽ കയറിൽ ക്രെഡിറ്റ് കാർഡിൽ നിന്ന് പേയ്മെന്റ് പ്രക്രിയ നടത്തുമ്പോൾ കാർഡിലെ മുഴുവൻ ബാലൻസും തട്ടിപ്പുകാരുടെ കയ്യിലെത്തുന്ന രീതിയാണ് ഇപ്പോൾ കണ്ടുവരുന്നത്. പ്രത്യേക ഓഫറുകൾ നൽകികൊണ്ട് പ്രശസ്തമായ റെസ്റ്റോറന്റുകളുടെയും ഷോപ്പുകളുടെയും പേരുകൾ വെച്ചാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്.
അതുപോലെ വളർത്തുമൃഗങ്ങളെ വിൽപ്പനയ്‌ക്ക് അല്ലെങ്കിൽ ദത്തെടുക്കൽ വാഗ്ദാനം ചെയ്യുന്ന വ്യാജ ഇലക്ട്രോണിക് പരസ്യങ്ങൾ കൈകാര്യം ചെയ്യരുതെന്നും പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലും വാങ്ങലും വിൽപനയും കൈകാര്യം ചെയ്യുന്ന സ്മാർട്ട് ഫോണുകളുടെ ആപ്പുകളിലും ഈ തട്ടിപ്പുകാർ പരസ്യം ചെയ്യുന്നുണ്ട്.
ഇത്തരത്തിലുള്ള സംഭവങ്ങളിൽ അവർ അയക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ അതിന് മറുപടി കൊടുക്കാനോ നിൽക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി.