ദുബായ് ജബല്‍ അലിയിലെ ഹിന്ദു ക്ഷേത്രത്തിൽ ഒരു വർഷത്തിനുള്ളിൽ 1.6 മില്യണിലധികം സന്ദർശകർ എത്തിയതായി അധികൃതർ അറിയിച്ചു. എല്ലാ മതങ്ങളിൽ നിന്നുള്ളവരും എല്ലാ ദേശീയതകളിൽ നിന്നുള്ളവരും ഇവിടെ സന്ദർശനം നടത്തിവരുന്നുണ്ട്.
എല്ലാ വിശ്വാസങ്ങൾക്കുമായി തുറന്നിരിക്കുന്ന ഈ ക്ഷേത്രം ഉക്രെയ്ൻ, ചൈന, ശ്രീലങ്ക, കൊളംബിയ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ സ്വാഗതം ചെയ്തിട്ടുണ്ട്. പരമ്പരാഗത ഇന്ത്യൻ വിവാഹ ചടങ്ങിനുള്ള വേദിയായും ഈ ക്ഷേത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2022 ഒക്ടോബറിൽ ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടത്തുന്നതിന് മുമ്പ്, 2022 ഓഗസ്റ്റിലാണ് ക്ഷേത്രത്തിന്റെ വാതിലുകൾ ആദ്യം തുറന്നത്.
ഉത്സവങ്ങൾ, ദേശീയ അവധി ദിവസങ്ങൾ എന്നിവയോടനുബന്ധിച്ച് ഒരു ദിവസം 20,000-ത്തിലധികം സന്ദർശകരെത്തുന്നുണ്ടെന്നും ക്ഷേത്രം അധികൃതർ പറഞ്ഞു. ദീപാവലി,ദസറ ആഘോഷങ്ങൾ എന്നിവയോടനുബന്ധിച്ച് 245,000-ലധികം ആളുകളാണ് കഴിഞ്ഞ ഒക്ടോബർ മാസത്തിലെത്തിയത്. ഒക്ടോബർ ആയിരുന്നു ഏറ്റവും തിരക്കേറിയ മാസം.
യു എ ഇ സഹിഷ്ണുത സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ആണ് ഈ ക്ഷേത്രം വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്.