10 മില്യൺ ദിർഹം ചെലവിട്ട് ദെയ്രയിലെ ഐക്കണിക് ക്ലോക്ക് ടവർ റൗണ്ട് എബൗട്ടിന്റെ പുനർവികസനം പൂർത്തിയാക്കിയതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. പുനർവികസനത്തിനായി 2023 മെയ് മാസത്തിലാണ് പ്രോജക്റ്റ് ആരംഭിച്ചത്.
അതിശയകരമായ സൗന്ദര്യാത്മക കാഴ്ചകളോടെയാണ് ഇപ്പോൾ റൗണ്ട് എബൗട്ടിനെ പുനർജീവിപ്പിച്ചിരിക്കുന്നത്. റൗണ്ട് എബൗട്ടിന്റെ കേന്ദ്രഭാഗം ഗംഭീരമായ ഒരു ജലധാരയാണ്. ക്ലോക്ക് ടവർ റൗണ്ട് എബൗട്ടിന്റെ ഈ പുനർവികസനം ദുബായുടെ നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിലെ ഒരു സുപ്രധാന നാഴികക്കല്ലായാണ് അടയാളപ്പെടുത്തുന്നത്
ആധുനികത ഉൾക്കൊണ്ടുകൊണ്ട് നഗരത്തിന്റെ സമ്പന്നമായ ചരിത്രം സംരക്ഷിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയുടെ തെളിവാണ് ഈ പദ്ധതിയെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ക്ലോക്ക് ടവർ റൗണ്ട് എബൗട്ട് ദുബായുടെ നഗര സ്വഭാവവുമായി ഇണങ്ങുന്ന ശൈലിയിലാണ് പുനർരൂപകൽപ്പന ചെയ്തിരിക്കുന്നത്.