യുഎഇക്കും കേരളത്തിനുമിടയിൽ ഒരു പാസഞ്ചർ ഷിപ്പ് സർവീസ് ഉടൻ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി മലയാളികള്‍. പദ്ധതി യാഥാർത്ഥ്യമായാൽ പ്രവാസികൾക്ക് ഏറ്റവും സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ യാത്രാ രീതിയായിരിക്കും ലഭിക്കുക. ടിക്കറ്റ് നിരക്ക് ഏകദേശം 442 ദിർഹം ആയിരിക്കുമെന്നതിനാൽ, ഏകദേശം മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിലെത്താൻ ഈ സേവനം സഹായിക്കുമെന്ന് ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് വൈ എ റഹീം പറഞ്ഞു.
കപ്പല്‍ മാര്‍ഗം നാട്ടിലെത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കൂടി ലഭിച്ചാല്‍ ഈ വര്‍ഷം ഡിസംബറില്‍ തന്നെ ദുബായില്‍ നിന്ന് കൊച്ചിയിലേക്കൂം ബേപ്പൂരിലേക്കൂം ഉള്ള യാത്രാ കപ്പല്‍ സര്‍വീസ് യാഥാര്‍ഥ്യമാകും.
എല്ലുമുറിയെ പണിയെടുത്ത സമ്പാദ്യത്തില്‍ വലിയൊരു വിഹിതം വിമാന ടിക്കറ്റിനായി നല്‍കേണ്ടി വരുന്നതിനാല്‍ പല പ്രവാസികളും നാട്ടിലേക്കുള്ള യാത്ര മാറ്റിവെക്കുന്നതും ഒഴിവാക്കുന്നതും ഇന്ന് സ്ഥിരം സംഭവമാണ്. എന്നാല്‍ കപ്പല്‍ സര്‍വീസ് യാഥാർത്ഥ്യമായാൽ ഇതിനൊരു പരിഹാരമാകും.
ഒരു ട്രിപ്പില്‍ പരമാവധി 1250 പേര്‍ക്ക് യാത്ര ചെയ്യാനാകും. 200 കിലോ ഗ്രാം ലഗേജ് ഒരു യാത്രക്കാരന് കപ്പലിൽ കൊണ്ടു പോകാൻ അനുമതിയുണ്ടാകും. വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികൾ എന്നിവ കപ്പൽയാത്രയിൽ ഉണ്ടായിരിക്കുന്നതാണ്. എല്ലാ സൗകര്യങ്ങളുമുള്ള കപ്പലാണ് സര്‍വീസിന് ഉപയോഗിക്കാനായി കണ്ടുവെച്ചിട്ടുള്ളത്. പരീക്ഷണ ഓട്ടം വിജയിച്ചാല്‍ മാസത്തില്‍ രണ്ട് ട്രിപ്പുകള്‍ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത് എന്ന് റഹീം കൂട്ടിച്ചേര്‍ത്തു.
കപ്പൽ സർവീസിനായി കേന്ദ്രമന്ത്രി വി.മുരളീധരന് മുഖേന കേന്ദ്രസര്‍ക്കാരിനും അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതില്‍ അനുകൂല പ്രതികരണമുണ്ടായാല്‍ പ്രവാസികള്‍ക്ക് വലിയ ആശ്വാസകരമാകും. പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി ഗള്‍ഫ് നാടുകളിലേക്ക് യാത്രാ കപ്പല്‍ സര്‍വീസ് നടത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും നേരത്തെ വ്യക്തമാക്കിയിരുന്നു.