രാജ്യത്തെ ഊർജ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനായി യുഎഇ ഒരു പ്രധാന കാറ്റാടി വൈദ്യുതി പദ്ധതി ഇന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചു.
പുതിയ കാറ്റാടി വൈദ്യുതി പദ്ധതി 23,000 വീടുകൾക്ക് ആവശ്യമായ വൈദ്യുതി സൃഷ്ടിക്കുകയും കാലാവസ്ഥാ വ്യതിയാന ലക്ഷ്യങ്ങളിലേക്ക് സംഭാവന നൽകുകയും ചെയ്യും.
അബുദാബി ക്ലീൻ എനർജി കമ്പനിയായ മസ്ദർ ആണ് നാല് സ്ഥലങ്ങളിലായി 103.5 മെഗാവാട്ട് ലാൻഡ്മാർക്ക് കാറ്റാടി വൈദ്യുതി പദ്ധതി വികസിപ്പിക്കുന്നത്. സർ ബനി യാസ് ദ്വീപിലെ 45 മെഗാവാട്ട് കാറ്റാടിപ്പാടവും,ഡെൽമ ദ്വീപ് (27 മെഗാവാട്ട്), അബുദാബിയിലെ അൽ സില (27 മെഗാവാട്ട്), ഫുജൈറയിലെ അൽ ഹലാഹ് എന്നിവ 4.5 മെഗാവാട്ട്, സർ ബനി യാസ് ദ്വീപിൽ 14MWp (മെഗാവാട്ട് പീക്ക്) സോളാർ ഫാമും വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന മറ്റ് കാറ്റാടി സ്ഥലങ്ങളും ഈ പദ്ധതിയിൽപ്പെടും. 120,000 ടൺ കാർബൺ ഡൈ ഓക്‌സൈഡ് മാറ്റി 23,000-ത്തിലധികം വീടുകൾക്ക് പ്രതിവർഷം ഊർജ്ജം പകരാൻ യുഎഇയുടെ ഈ കാറ്റാടി വൈദ്യുതി പദ്ധതിക്ക് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇ പ്രസിഡൻറിന് വേണ്ടി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് സർ ബനി യാസ് ദ്വീപിൽ നടന്ന ചടങ്ങിൽ യുഎഇ വിൻഡ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തത്.
ഈ പദ്ധതി യുഎഇയുടെ വൈദ്യുതി ഗ്രിഡിലേക്ക് ചെലവ് കുറഞ്ഞതും വലിയ തോതിലുള്ളതും ഉപയോഗപ്രദവുമായ കാറ്റാടി വൈദ്യുതി അവതരിപ്പിക്കുകയും രാജ്യത്തിന്റെ ഊർജ്ജ മിശ്രിതത്തെ കൂടുതൽ വൈവിധ്യവത്കരിക്കുകയും ചെയ്യും.