ചലച്ചിത്ര നടൻ കുണ്ടറ ജോണി (69) അന്തരിച്ചു. കൊല്ലത്തു സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം. ഏറെ കാലമായി ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച കുണ്ടറ ജോണി, അവസാനമായി വേഷമിട്ടത് ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനിലാണ്. മോഹൻലാലിനൊപ്പം കിരീടത്തിൽ ചെയ്ത പരമേശ്വരൻ എന്ന കഥാപാത്രവും ചെങ്കോലിലെ കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നു.
കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജോണി ജനിച്ചത്. പിതാവ് ജോസഫ്, അമ്മ കാതറിൻ. കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളേജ് പഠനകാലത്ത് കൊല്ലം ജില്ലാ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു.
മലയാളത്തിന് പുറമേ തെലുങ്ക്,തമിഴ്, കന്നഡ ഭാഷകളിലെ ചില ചിത്രങ്ങളിലും ജോണി അഭിനയിച്ചിട്ടുണ്ട്.