കുട്ടികൾക്കെതിരെ പീഡനം നടന്നാൽ ( ശാരീരികമായോ ലൈംഗികമായോ ) പോലീസിൽ സ്വതന്ത്രമായി റിപ്പോർട്ട് ചെയ്യാനും നിയമപരവും മാനസികവും സാമൂഹികവുമായ പിന്തുണയും ഒരേ സമയം ലഭിക്കാൻ കഴിയുന്ന ഏകജാലക കേന്ദ്രം അടുത്ത ആഴ്ച ഷാർജയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
‘അഭയം’ ( shelter ) എന്നർത്ഥം വരുന്ന Kanaf എന്ന് വിളിക്കപ്പെടുന്ന ഈ ശിശു സംരക്ഷണ കേന്ദ്രം എല്ലാ രാജ്യക്കാരെയും സ്വാഗതം ചെയ്യും. സാമൂഹ്യ സേവനങ്ങൾക്കായി ഷാർജ ഇതിനകം തന്നെ ഒട്ടേറെ കാര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, ഈ കേന്ദ്രം കൂടുതൽ സമഗ്രമായ പിന്തുണ വാഗ്ദാനം ചെയ്യുമെന്ന് ചൈൽഡ് സേഫ്റ്റി ഡയറക്ടർ ജനറൽ ഹനാദി അൽയാഫീ പറഞ്ഞു.
റിപ്പോർട്ടിംഗിനും അന്വേഷണത്തിനും ചികിത്സയ്ക്കുമായി കുട്ടികൾ ഇനി ഒന്നിലധികം സ്ഥാപനങ്ങൾ സന്ദർശിക്കേണ്ടതില്ല എന്നതാണ് ഈ കേന്ദ്രത്തെ വേറിട്ടു നിർത്തുന്നത്. പുതിയ മൾട്ടി-ഏജൻസി സൗകര്യം കുട്ടികൾക്കും അവരുടെ കുടുംബത്തിനും ആവശ്യമായ എല്ലാ സഹായങ്ങളും ലഭിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കും. ദുർബലരെ സംരക്ഷിക്കുന്നതിനുള്ള എമിറേറ്റിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ സംരംഭം വരുന്നത്.
2022ൽ ഷാർജയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ബാലപീഡന കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ഈ വർഷമാദ്യം റിപ്പോർട്ട് വന്നിരുന്നു. കുടുംബങ്ങളിൽ നിന്നും സ്കൂളുകളിൽ നിന്നും കുട്ടികളിൽ നിന്നുമുള്ള 3,487 റിപ്പോർട്ടുകൾ കൈകാര്യം ചെയ്തതായും ഷാർജ ചൈൽഡ് ആൻഡ് ഫാമിലി പ്രൊട്ടക്ഷൻ സെന്റർ അറിയിച്ചു.





