ആലുവയിൽ അതിഥിത്തൊഴിലാളിയുടെ അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലത്തിനു (28) വിചാരണക്കോടതി ഇന്നു ശിശുദിനത്തിൽ ശിക്ഷ വിധിക്കും. വധശിക്ഷ ലഭിക്കാവുന്ന 4 കുറ്റങ്ങൾ പ്രതിക്കുമേൽ സ്ഥാപിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിരുന്നു. പ്രതി ചെയ്ത കുറ്റം അത്യപൂർവമാണെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
ഗുരുതര സ്വഭാവമുള്ള 3 പോക്സോ കുറ്റങ്ങൾ അടക്കം കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകൽ, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവു നശിപ്പിക്കൽ തുടങ്ങിയ13 കുറ്റങ്ങൾ കോടതിയും ശരിവച്ചിരുന്നു. പ്രതിയുടെ പ്രായക്കുറവ്, മാനസാന്തരപ്പെടാനുള്ള സാധ്യത എന്നിവ ചൂണ്ടിക്കാട്ടിയാണു പ്രതിഭാഗം വധശിക്ഷ ഒഴിവാക്കാനുള്ള വാദം നടത്തിയത്.