കൊല്ലം ഓയൂരിൽനിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ ആർ.പത്മകുമാർ (52), ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി അനുപമ (20) എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 10 മണിക്കൂറാണ് പത്മകുമാറിനെയും കുടുംബത്തെയും അടൂർ കെഎപി ക്യാംപിൽ ചോദ്യംചെയ്തത്. പുലർച്ചെ 3 മണിയോടെയാണ് ചോദ്യം ചെയ്യൽ പൂർത്തിയായത്.
കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ സഹോദരന്റെ കൈയിൽ കൊടുക്കാൻ ശ്രമിച്ചത് ഭീഷണിക്കത്താണെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞതായാണു വിവരം. പണം തന്നാൽ കുട്ടിയെ വിട്ടുതരാമെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. ഇതിനിടെ, പത്മകുമാർ മൊഴികൾ അടിക്കടി മാറ്റുന്നത് പൊലീസിന് കുഴപ്പിക്കുന്നുണ്ട്. ആറുവയസ്സുകാരിയുടെ അച്ഛനു പണം നൽകിയിരുന്നുവെന്നായിരുന്നു ഇയാളുടെ ആദ്യ മൊഴി. എന്നാൽ തട്ടിക്കൊണ്ടുപോകൽ കടം വീട്ടാൻ പണം കണ്ടെത്താനെന്നായിരുന്നു രണ്ടാമത്തെ മൊഴി. പെൺകുട്ടിയുടെ പിതാവിൽനിന്നും പത്തുലക്ഷം വാങ്ങിയെടുക്കുകയായിരുന്നു ഉദ്ദേശ്യം.