രണ്ട് എസ്‌യുവികളുടെ താഴ്ഭാഗത്ത് അനധികൃതമായി സ്ഥാപിച്ച ഇരുമ്പ് പെട്ടികളിൽ കിടന്ന് യുഎഇയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 2 പേർ ഷാർജ പോർട്ട്, കസ്റ്റംസ്, ഫ്രീ സോൺസ് അതോറിറ്റിയുടെ (SPCFZA) പിടിയിലായി. ഏറ്റവും പുതിയ ഹൈടെക് എക്‌സ്-റേ സ്‌കാനറുകൾ ഉപയോഗിച്ച് രണ്ട് വാഹനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.
കാറിനടിയിൽ ചലിക്കാനുള്ള ഇടം പോലുമില്ലാതെ ചെറിയ സ്ഥലത്ത് ദൃഡമായി ഞെരുങ്ങിയ നിലയിലായിരുന്നു ഇരുവരേയും ഒളിപ്പിച്ചിരുന്നത്. 2 വാഹനങ്ങളുടെയും പിൻ ബമ്പറുകൾ തുറന്നാണ് ഇവരെ പുറത്തെടുത്തത്. ഇവരെ ഏത് അതിർത്തിയിലെ കസ്റ്റംസ് ടെർമിനലിൽ നിന്നാണ് പിടികൂടിയതെന്ന് അതോറിറ്റി വെളിപ്പെടുത്തിയിട്ടില്ല.
ഈ നുഴഞ്ഞുകയറ്റക്കാരുടെ പക്കൽ രേഖകളൊന്നും ഉണ്ടായിരുന്നില്ല. വാഹനങ്ങളുടെ ഡ്രൈവർമാരെയും നുഴഞ്ഞുകയറാൻ ശ്രമിച്ചവരേയും തുടർനടപടികൾക്കായി ബന്ധപ്പെട്ട നിയമ അധികാരികൾക്ക് റഫർ ചെയ്തിട്ടുണ്ട്.
തുറമുഖങ്ങളിലൂടെയുള്ള എല്ലാത്തരം കള്ളക്കടത്ത് ശ്രമങ്ങളെയും തടയാൻ കഴിവുള്ള അത്യാധുനിക സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നും രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ ശ്രമിക്കുന്ന ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റങ്ങൾ സ്കാനിങ്ങിലൂടെ കണ്ടെത്താനാകുമെന്നും ഷാർജ കസ്റ്റംസ് പറഞ്ഞു.
.