ദുബായ് : പാം റോയൽ അറ്റ്ലാന്റിസ് വളരെ വ്യത്യസ്തമായ ഒരു നികാഹിനും തുടർന്നുള്ള സ്വീകരണത്തിനും സാക്ഷ്യം വഹിച്ചു. നികാഹിന്റെ സമയത്ത് കാർമ്മികത്വ ചുമതലയുള്ള യുഎ ഇ സ്വദേശിയായ ഇമാം വരനെയും വധുവിന്റെ പിതാവിനെയും വിവാഹമെന്ന ഉടമ്പടിയിലേക്ക് ക്ഷണിക്കുന്നതിന് മുൻപ് വധുവിനോട് ഉച്ചത്തിൽ വേദിയിൽ വച്ചുതന്നെ സമ്മതം ചോദിച്ച് ഉറപ്പിച്ച നടപടി പുതുമയുള്ളതും പ്രശംസിക്കപ്പെടുകയും അതിഥികളുടെയെല്ലാം കയ്യടി നേടുകയും ചെയ്തു.
എം എ യൂസഫലി , മമ്മൂട്ടി , ഡോ ആസാദ് മൂപ്പൻ , അഷ്റഫ് അലി , വി കെ അഷ്റഫ് , ഷംലാൽ അഹമ്മദ് , സോഹൻ റോയ് , എ കെ ഫൈസൽ, യൂസഫ് ലെൻസ്മാൻ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പ്രമുഖ വിഡിയോഗ്രാഫറും ക്രീയേറ്റീവ് ഡയറക്ടറുമായ ഷൗക്കത്ത് ലെൻസ്മാൻ – സൗദ ദമ്പതികളുടെ മൂത്തമകൻ ഷിഹാൻ ഷൗക്കത്ത് സിങ്കപ്പൂർ ഐ ടി ബിസിനെസ്സ് രംഗത്തുള്ള ഹാജ മൊഹിദീൻ – തസ്നീം ദമ്പതികളുടെ മകൾ അസ്മിനയെ വിവാഹം കഴിക്കുന്ന ചടങ്ങാണ് പുതിയ വിസ്മയത്തിന് വേദിയായത്.
ഇഷാൻ ഷൌക്കത്ത് ചടങ്ങ് നിയന്ത്രിച്ചു. സ്റ്റീഫൻ ദേവസ്സിയുടെ സംഗീതം ചടങ്ങിൽ ഏവരെയും വിസ്മയിപ്പിച്ചു. വിവാഹ ജീവിതം സംബന്ധിച്ച വിവിധ വിഷയങ്ങൾ ചേർത്തുകൊണ്ട് എം എ യൂസഫലി നടത്തിയ ആശംസാ പ്രസംഗം ഏവർക്കും പ്രേരകമായി. മമ്മൂട്ടിയും ആശംസാ പ്രസംഗം നടത്തി. മമ്മൂട്ടിയാണ് നികാഹിന്റെ സാക്ഷിയായി ഒപ്പിട്ടത്.
