റാസൽഖൈമയിലെ വാദി ഷെഹയിൽ വഴിതെറ്റിയ ഏഴ് ട്രക്കിംഗ് യാത്രക്കാരെ രക്ഷപ്പെടുത്തിയതായി റാസൽഖൈമ പോലീസ് അറിയിച്ചു. ഒരാൾ ബോധരഹിതനായതിനെ തുടർന്ന് എയർലിഫ്റ്റ് ചെയ്യേണ്ടിവന്നതായും സെർച്ച് ആൻഡ് റെസ്‌ക്യൂ വിഭാഗം മേധാവി മേജർ അബ്ദുല്ല അബ്ദുൾ റഹ്മാൻ അൽ സമാൻ പറഞ്ഞു.
ഏഴ് ഏഷ്യക്കാർ കുടുങ്ങിയതായി റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് റാസൽഖൈമ പോലീസ് സെർച്ച് ആൻഡ് റെസ്‌ക്യൂ ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള ഒരു റെസ്‌ക്യൂ ടീമിനെ ഉടൻ അയയ്‌ക്കുകയും ഇവരെ കണ്ടെത്താൻ നടപടിയെടുക്കുകയുമായിരുന്നു.
വാദി ഷെഹയിലെ വളരെ ദുർഘടമായ പ്രദേശത്താണ് ഇവരെ 7 പേരെയും കണ്ടെത്താനായത്. സെർച്ച് ആൻഡ് റെസ്ക്യൂ ടീം നടന്നാണ് ഇവർ കുടുങ്ങിപ്പോയ സ്ഥലത്തെത്തിയത്. ഒരാൾ ബോധരഹിതനായതിനാൽ സ്‌ട്രെച്ചറിൽ കയറ്റിയാണ് പുറത്തെത്തിച്ചത്. പരിക്കേറ്റ വ്യക്തിയെ റാസൽഖൈമയിലെ ആശുപത്രികളിലൊന്നിലേക്ക് മാറ്റിയിരിക്കുകയാണ്.