യുഎഇയുടെ വിവിധയിടങ്ങളിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
അബുദാബിയിലെ അൽ ദഫ്ര, അൽ വത്ബ, അൽ ഐൻ, കിഴക്കൻ, വടക്കൻ എമിറേറ്റുകളായ ഫുജൈറ, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ഇന്ന് ഫെബ്രുവരി 28 ബുധനാഴ്ചയും നാളെ ഫെബ്രുവരി 29 വ്യാഴാഴ്ചയും കനത്ത മഴ ലഭിക്കും.
ദുബായ്, ഷാർജ എന്നിവയുൾപ്പെടെ യുഎഇയുടെ മറ്റ് ഭാഗങ്ങളിലും ഇന്ന് ആകാശം മേഘാവൃതമായിരിക്കും, ചിലപ്പോൾ നേരിയ മഴ പെയ്തേക്കാം.
രാവിലെ മേഘാവൃതമായ കാലാവസ്ഥ ആരംഭിക്കുമെന്നും രാജ്യത്തിൻ്റെ പടിഞ്ഞാറൻ മേഖലയിൽ, പ്രധാനമായും അൽ ദഫ്രയിൽ നേരിയ മഴ പെയ്യുമെന്നും NCM വിശദീകരിച്ചു. അൽ വത്ബയിലും അൽ ഐനിലും മേഘങ്ങൾ ക്രമേണ നീങ്ങും. ഉച്ചകഴിഞ്ഞ് 3 മണിയോടെ, ഈ പ്രദേശങ്ങളിൽ കൂടുതൽ മേഘങ്ങൾ രൂപപ്പെടും, മിതമായ മഴയ്ക്ക് സാധ്യതയുണ്ടാകും. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച അതിരാവിലെയും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും ഉണ്ടായേക്കാം.