യുഎഇയിൽ റമദാൻ മാസത്തിലെ സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക പ്രവൃത്തി സമയം ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്സസ് ഇന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു.
ഇതനുസരിച്ച് നിലവിലുള്ള സമയത്തിൽ നിന്നും തിങ്കൾ മുതൽ വ്യാഴം വരെ 3.5 മണിക്കൂർ കുറവും വെള്ളിയാഴ്ച 1.5 മണിക്കൂർ കുറവും പ്രവർത്തിച്ചാൽ മതിയാകും. അതായത് തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2:30 വരെയും വെള്ളിയാഴ്ചകളിൽ, പ്രവൃത്തി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയുമായിരിക്കും.
മന്ത്രാലയങ്ങളും ഫെഡറൽ ഏജൻസികളും വിശുദ്ധ റമദാൻ മാസത്തിലെ പ്രവൃത്തി ദിവസങ്ങളിൽ അവർ അംഗീകരിക്കുന്ന ഫ്ലെക്സിബിൾ അല്ലെങ്കിൽ റിമോട്ട് വർക്ക് ഷെഡ്യൂളുകൾ നടപ്പിലാക്കുന്നത് തുടരാമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.
കൂടാതെ, റമദാനിൽ വെള്ളിയാഴ്ചകളിൽ ഓൺലൈനായി ജോലി ചെയ്യാനുള്ള സൗകര്യവും ജീവനക്കാർക്ക് നൽകിയേക്കാം. എന്നിരുന്നാലും, അംഗീകൃത മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഈ ഫ്ലെക്സിബിലിറ്റി മൊത്തം ജീവനക്കാരുടെ 70 ശതമാനത്തിൽ കൂടാൻ പാടില്ല.
ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെൻ്റ് പ്രസിദ്ധീകരിച്ച ഹിജ്‌റി കലണ്ടർ പ്രകാരം റമദാൻ 2024 മാർച്ച് 12 ചൊവ്വാഴ്ച ആരംഭിക്കുക.