യുഎഇയിൽ ഈ വർഷത്തെ റമദാൻ മാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ നോമ്പനുഷ്ഠിക്കാത്തവർക്കുള്ള പ്രായശ്ചിത്ത തുകയും സകാത്ത് നൽകാനുള്ള തുകയും യുഎഇയുടെ ഫത്‌വ കൗൺസിൽ നിശ്ചയിച്ചു.
ഇതനുസരിച്ച് സകാത്ത് അൽ ഫിത്തർ ആയി 2.5 കിലോഗ്രാം അരി നൽകുന്നതിന് തുല്യമായി ഒരാൾക്ക് 25 ദിർഹം നൽകാവുന്നതാണ്. സാമ്പത്തികമായോ ഭക്ഷണമായോ നൽകാൻ കഴിവുള്ള പുരുഷന്മാരും സ്ത്രീകളും ചെറുപ്പക്കാരും പ്രായമായവരും അടങ്ങുന്ന എല്ലാ മുസ്ലീങ്ങൾക്കും സകാത്ത് നൽകാവുന്നതാണ്.
വ്യത്യസ്‌ത സാഹചര്യങ്ങളിൽ നോമ്പ് മുടങ്ങുന്ന വ്യക്തികൾക്കുള്ള പ്രായശ്ചിത്ത തുകയും കൗൺസിൽ നിശ്ചയിച്ചിട്ടുണ്ട്.
നോമ്പെടുക്കാൻ സാധിക്കാത്തവർ ഒരാൾക്ക് 15 ദിർഹം നൽകണം, പണം നൽകുന്നതിന് പകരം ഭക്ഷണം നൽകാൻ ആഗ്രഹിക്കുന്നവർ ഓരോ വ്യക്തിക്കും 3.25 കിലോ ഗോതമ്പ് നൽകാനും നിശ്ചയിച്ചിട്ടുണ്ട്.
മനഃപൂർവം നോമ്പ് തുറക്കുന്നവർ മൊത്തം 60 പാവപെട്ടവർക്കായി മൊത്തം 900 ദിർഹം എന്ന തോതിൽ ഒരാൾക്ക് 15 ദിർഹം നൽകണം. പണം നൽകുന്നതിന് പകരം ഭക്ഷണം നൽകാൻ ആഗ്രഹിക്കുന്നവർ ഓരോ വ്യക്തിക്കും 3.25 കിലോ ഗോതമ്പ് നൽകാനും കൗൺസിൽ നിശ്ചയിച്ചിട്ടുണ്ട്.