അബുദാബിയിൽ രണ്ടു ദിവസം മുൻപ് വീടുവിട്ടിറങ്ങിയ കണ്ണൂർ സ്വദേശിയായ വ്യവസായിയെ മരിച്ച നിലയിൽ കണ്ടെത്തി. അബുദാബിയിൽ റിഷീസ് ഹൈപ്പർ മാർക്കറ്റും റസ്‌റ്ററന്റും നടത്തുന്ന കണ്ണൂർ പാപ്പിനിശ്ശേരി പുവങ്കുളംതോട്ടം പുതിയ പുരയിൽ സുൽഫാഉൽ ഹഖ് റിയാസി (55) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വർഷങ്ങളായി യുഎഇയിലുള്ള സുൽഫാഉൽ ഹഖ് റിയാസ് നല്ല നിലയിൽ ബിസിനസ് ചെയ്‌തുവരികയായിരുന്നു. അടുത്തിടെ ഖാലിദിയയിൽ പുതിയ റെസ്റ്റോറന്റ് തുറക്കാനുള്ള ശ്രമത്തിലുമായിരുന്നുവെന്ന് പറയുന്നു. രണ്ട് ദിവസം മുൻപ് വീട് വിട്ടിറങ്ങിയതിന് ശേഷം യാതൊരു വിവരവുമില്ലാത്തതിനെ തുടർന്ന് ഭാര്യ ഇന്നലെ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ അൽ ജസീറ ക്ലബിനടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.