ദുബായ്: മഴയ്ക്ക് ശേഷം ആഴ്ചയിലെ ആദ്യ ദിവസമായ ഇന്ന് (22.04.2024) ദുബായ് നിവാസികൾ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി സജീവമായപ്പോൾ ബിസിനസ്സ് ഹബ്ബുകൾക്ക് ചുറ്റുമുള്ള റോഡുകളിലും മെട്രോ സ്റ്റേഷനുകളിലും വലിയ തിരക്ക് അനുഭവപ്പെട്ടതായി യാത്രക്കാർ പറഞ്ഞു. ഷെയ്ഖ് സായിദ് റോഡ് ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലും അൽ മുസ്താഖ്ബാൽ സ്ട്രീറ്റ് പോലുള്ള റൂട്ടുകളിലും ഗതാഗതം മന്ദഗതിയിലായിരുന്നു, യാത്രക്കാർ ഒരു മണിക്കൂറോളം കുടുങ്ങി.
രാവിലെ 8 മണിയോടെ വീട്ടിൽ നിന്നിറങ്ങി, 9 മണി വരെ കാത്തിരിക്കേണ്ടതായി വന്നതായും അനുഭവസ്ഥർ പറയുന്നു. അൽ ബർഷ സൗത്ത്, അൽ ഖൈൽ, ഹെസ്സ സ്ട്രീറ്റ്, ജെവിസി എന്നിവിടങ്ങളിൽ തിരക്ക് റിപ്പോർട്ട് ചെയ്തതോടെ, ബിസിനസ് ബേയുടെ സമീപം ട്രാഫിക് ബ്ലോക്ക് തുടർന്നു.
റെഡ് ലൈനിലെ നാല് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടിരിക്കുന്നതിനാൽ, യാത്രക്കാർ മറ്റ് ഗതാഗത മാർഗ്ഗങ്ങൾ തേടാൻ നിർബന്ധിതരായി, ഇത് തിരക്കേറിയ റോഡുകളിലെയും നടപ്പാതകളിലെയും തിരക്ക് വർധിപ്പിച്ചു.
തിരക്കുകൾ ലഘൂകരിക്കുന്നതിനായി ബിസിനസ് ബേ മെട്രോ സ്‌റ്റേഷനിലേക്കുള്ള ട്രാഫിക് നിയന്ത്രിക്കാൻ സേഫ്‌സ്റ്റ്‌വേ സൂപ്പർമാർക്കറ്റ് റൗണ്ട്എബൗട്ടിന് സമീപം ആർടിഎ വോളണ്ടിയർമാരെ നിയമിച്ചിരുന്നു.