യുഎഇയിൽ അസ്ഥിരമായ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ദുബായ് വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർക്ക് എമിറേറ്റ്സ് ഇന്ന് ബുധനാഴ്ച ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മോശം കാലാവസ്ഥയെത്തുടർന്ന് ദുബായ് വിമാനത്താവളത്തിലേക്ക് വരുന്നതിനിടെ റോഡിൽ കാലതാമസമുണ്ടാകുമെന്നതിനാൽ കുറച്ച് നേരത്തെ വിമാനത്താവളത്തിലേക്ക് പുറപ്പെടണമെന്നും കൃത്യസമയത്ത് വിമാനത്താവളത്തിലെത്തിച്ചേരാനും നിർദ്ദേശിച്ചിട്ടുണ്ട്.
”മെയ് 2 ന് ദുബായിൽ കനത്ത ഇടിമിന്നലുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട് . നിങ്ങൾ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ, നിങ്ങൾക്ക് റോഡിൽ തടസ്സങ്ങൾ ഉണ്ടായേക്കാം. എയർപോർട്ടിൽ എത്താൻ അധിക യാത്രാ സമയം എടുക്കാനും സാധ്യമാകുന്നിടത്ത് ദുബായ് മെട്രോ ഉപയോഗിക്കാനും ഞങ്ങൾ ശുപാർശ ചെയ്യുന്നു ” എമിറേറ്റ്സ് എയർലൈൻ വക്താവ് പറഞ്ഞു.
ഇന്ന് ബുധനാഴ്ച വൈകുന്നേരം മുതൽ രണ്ട് ദിവസത്തേക്ക് ഇടത്തരം മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് യുഎഇ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊതു സ്വകാര്യമേഖലകളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കാൻ തൊഴിലുടമകളോട് ആഹ്വനം ചെയ്തിട്ടുണ്ട്. ഇന്നും നാളെയും ഷാർജയിലെയും ദുബായിലെയും സ്കൂളുകൾക്ക് അധികൃതർ ഓൺലൈൻ പഠനം പ്രഖ്യാപിച്ചിട്ടുണ്ട്.