ഫ്ലൈ ദുബായ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ജബൽ അലി അൽ മക്‌തൂം വിമാനത്താവളത്തിൽ നിന്നും സർവീസുകൾ ആരംഭിക്കുമെന്ന് ഫ്ലൈ ദുബായ് സിഇഒ ഗൈത് അൽ ഗൈത്ത് അറിയിച്ചു. ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
10 വർഷത്തിനുള്ളിൽ ദുബായ് ഇൻ്റർനാഷണലിൽ നിന്ന് അൽ മക്തൂം വിമാനത്താവളത്തിലേക്ക് വിമാനത്താവളം മാറ്റാനുള്ള പദ്ധതി ദുബായ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുബായ് അൽ മക്‌തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ പാസഞ്ചർ ടെർമിനൽ നിർമ്മിക്കുന്ന രൂപരേഖക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്‌തൂം അംഗീകാരവും നൽകിയിരുന്നു.
10 വർഷത്തിനുള്ളിൽ ഇപ്പോഴത്തെ വിമാനത്താവളത്തിൽ നിന്നും പ്രവർത്തനം ഘട്ടം ഘട്ടമായി അൽ മക്തൂമിലേക്ക് പൂർണമായും മറ്റും. വരാനിരിക്കുന്ന അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട് ഫ്ലൈദുബായ്‌ക്ക് വളരാൻ വലിയ സാധ്യത നൽകുമെന്നും ജബൽ അലിയിലും ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലും ഞങ്ങൾക്ക് രണ്ട് ഓപ്പറേഷനുകൾ ഉണ്ടാകുമെന്നും ഫ്ലൈ ദുബായ് സിഇഒ ഗൈത് അൽ ഗൈത്ത് പറഞ്ഞു. കഴിഞ്ഞ മാസത്തെ മഴക്കെടുതിയിൽ വിമാനങ്ങൾക്കൊന്നും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.