ഷാർജയിൽ കാറിനുള്ളിൽ ഇരുത്തി ലോക്ക് ചെയ്തുപോയതിനെത്തുടർന്ന് ഏഴുവയസ്സുകാരൻ ശ്വാസം മുട്ടി മരിച്ചു. ഏഴുവയസ്സുള്ള ബംഗ്ലാദേശ് സ്വദേശിയായ ബാലനാണ് മരിച്ചതെന്ന് ഷാർജ പോലീസ് ഇന്ന് ചൊവ്വാഴ്ച അറിയിച്ചു.
ഇന്നലെ തിങ്കളാഴ്ച ഉച്ചയോടെയാണ് അൽ ഷഹബ ഏരിയയിൽ കാറിനുള്ളിൽ ഒരു കുട്ടി മരിച്ചതായി പോലീസ് ഓപ്പറേഷൻ റൂമിന് റിപ്പോർട്ട് ലഭിച്ചത്.
കുട്ടിയുടെ രക്ഷിതാവ് തൻ്റെ കുട്ടികളെ സ്‌കൂളിലെത്തിക്കാൻ ഒരു വനിതാ ഡ്രൈവ\ർക്ക് കരാർ നൽകിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. സ്കൂളിൽ എത്തിയപ്പോൾ 7 വയസ്സുള്ള കുട്ടി ഒഴികെ എല്ലാവരും കാറിൽ നിന്ന് ഇറങ്ങി. തുടർന്ന് വനിതാഡ്രൈവർ കാർ സ്‌കൂളിന് സമീപം പാർക്ക് ചെയ്‌ത് കാർ കാലിയാണെന്ന് ഉറപ്പാക്കാതെ ലോക്ക് ചെയ്യുകയായിരുന്നു. സ്‌കൂൾ ദിവസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വാഹനത്തിനുള്ളിൽ അനങ്ങാതെ കിടക്കുന്ന കുട്ടിയെ കണ്ടത്. വൈകീട്ട് നാലരയോടെയാണ് കുട്ടിയെ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ലൈസൻസില്ലാത്ത ഡ്രൈവർമാരുമായി വിദ്യാർഥികളെ സ്‌കൂളിൽ അയക്കുന്നത് അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . കുട്ടികളെ കൊണ്ടുപോകാൻ നിയുക്ത സ്കൂൾ ബസുകൾ ഉപയോഗിക്കാൻ രക്ഷിതാക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.