ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് കേരളത്തിൽ നിന്നടക്കമുള്ള എയർ ഇന്ത്യ എക്സ് പ്രസിന്റെ നിരവധി വിമാനങ്ങൾ റദ്ദാക്കി. ഇതുവരെ 12 സർവീസുകളാണ് റദ്ദാക്കിയത്. ചെക്ക് ഇൻ ചെയ്ത് ബോർഡിങ് പാസും ലഭിച്ച് ഗേറ്റിൽ കാത്തിരിക്കുമ്പോഴാണ് പലർക്കും വിമാനം പുറപ്പെടില്ലെന്ന അറിയിപ്പ് വന്നത്. യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരമുണ്ടെന്നാണ് എയർ ഇന്ത്യ നൽകുന്ന വിശദീകരണം.
കണ്ണൂർ വിമാനത്താളത്തിൽ ഇന്ന് പുലർച്ചെ ഒരുമണിക്കെത്തിയ യാത്രക്കാർ എയർ ഇന്ത്യ അധികൃതരുടെ വിശദീകരണം ലഭിക്കാതെ കുടുങ്ങി കിടന്നു. അബുദാബി, ഷാർജ, മസ്കറ്റ് വിമാനങ്ങളിലെ യാത്രക്കാരായിരുന്നു ഇവർ. യാത്ര മുടങ്ങിയതോടെ കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം ശക്തമായി. തുടർന്ന്, നാളെ മുതലുള്ള വിമാനങ്ങളിൽ ടിക്കറ്റ് നൽകാമെന്ന ഉറപ്പില്‍ യാത്രക്കാര്‍ പ്രതിഷേധം അസവസാനിപ്പിച്ചു. മുൻഗണനാ ക്രമത്തിൽ ടിക്കറ്റ് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
തൊഴിൽ ആവശ്യങ്ങൾക്ക് പോകുന്ന ചിലരുടെ വിസ കാലാവധി ഇന്നു തീരുന്നതിൻ്റെ ആശങ്കയിലാണ് ചില യാത്രക്കാർ. ഇതിനിടെ, ഹൈദരാബാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സർവീസ് നടത്തിയതായി യാത്രക്കാർ പറയുന്നു. എന്നാൽ, രാജ്യവ്യാപകമായി ജീവനക്കാർ നടത്തുന്ന സമരമാണെന്നാണ് വിശദീകരണം.
നെടുമ്പാശ്ശേരിയിലും നാല് വിമാന സര്‍വീസുകളും റദ്ദാക്കി. ഷാര്‍ജ, മസ്കറ്റ്, ബഹ്റൈൻ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ റദ്ദാക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട ആറ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ കൂടി റദ്ദാക്കി. ദുബൈ, റാസല്‍ഖൈമ, ജിദ്ദ, ദോഹ, ബഹ്റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.