കഴിഞ്ഞ 5 മാസത്തെ പൊതുമാപ്പ് കാലയളവിൽ യു.എ.ഇയിൽ എഴുതിത്തള്ളിയത് കോടിക്കണക്കിനു ദിര്‍ഹത്തിന്റെ പിഴ. ആഗസ്റ്റ് ഒന്നിനാണ് പൊതുമാപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ഡിസംബർ 31 ന് കാലാവധി അവസാനിച്ചു. 88 ശതമാനം പേർ പദ്ധതിയോട് പ്രതികരിച്ചതായി ഫെഡറൽ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റി അധികൃതർ അറിയിച്ചു.
വിസാ കാലാവധി കഴിഞ്ഞവർ, സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർ, അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവർ എന്നിവരായിരുന്നു പദ്ധതിയുടെ ഗുണഭോക്താക്കൾ. ഒക്ടോബർ 30 ന് കാലാവധി അവസാനിച്ചുവെങ്കിലും പൊതുമാപ്പ് കേന്ദ്രങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ഒരു മാസം കൂടി സമയം നീട്ടി. പിന്നീട് ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഡിസംബർ 31 വരെ ദീർഘിപ്പിച്ചു. ഇതോടെ അഞ്ച് മാസത്തെ സാവകാശമാണ്
ലഭിച്ചത്.
പൊതുമാപ്പ് കാലാവധി കഴിഞ്ഞതോടെ നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവരെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കി. പിടിക്കപ്പെട്ടാൽ ജയിൽവാസവും പിഴയും നാടുകടത്തലും ഉൾപെടെ കടുത്ത ശിക്ഷയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ ജോലിക്ക് നിയമിക്കരുതെന്ന് കമ്പനികൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. പൊതുമാപ്പ് നടപ്പാക്കിയതോടെ നിയമലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യത്തിലേക്കു യു.എ.ഇ കൂടുതൽ അടുത്തതായും അതോറിറ്റി പത്രക്കുറിപ്പിൽ വ്യക്തമാക്കി.