മലയാളം മിഷൻ അബുദാബി ചാപ്റ്റർ സംഘടിപ്പിച്ച ആറാമത് പഠനോത്സവം പ്രശസ്ത കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ലോകത്ത് ഏറ്റവും ബൃഹത്തായ ഭാഷാ ശ്രിങ്കലയുടെ അതിശക്തമായ കണ്ണിയാണ് മലയാളം മിഷൻ അബുദാബി ചാപ്റ്റർ എന്ന് അദ്ദേഹം പറഞ്ഞു.
50 രാജ്യങ്ങളിലും കേരളത്തിന് പുറത്ത് 25 സംസ്ഥാനങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന മലയാളം മിഷൻ 100 ചാപ്റ്റർ തികഞ്ഞ ചരിത്ര മുഹൂർത്തത്തിലാണ് മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം സംഘടിപ്പിച്ചിരിക്കുന്നത് . അതോടൊപ്പം പത്താം ക്ലാസ്സിന് തത്തുല്യമായ നീലക്കുറിഞ്ഞി പരീക്ഷയുടെ ആദ്യ ഫലം പ്രഖ്യാപിച്ച സന്ദർഭവും കൂടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരൻ, അബുദാബി മലയാളി സമാജം പ്രസിഡന്റ് റഫീഖ് കായാനയിൽ, ഇന്ത്യൻ ഇസ്ലമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള , മലയാളം മിഷൻ കെ. എസ് . സി. കോഡിനേറ്റർ പ്രജിന അരുൺ എന്നിവർ ആശംസകൾ നേർന്നു. മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് വി. പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും അബുദാബി സിറ്റി മേഖല കോ-ഓർഡിനേറ്റർ ധനേഷ് കുമാർ നന്ദിയും പറഞ്ഞു.
അബുദാബി കേരള സോഷ്യൽ സെന്റർ , അബുദാബി മലയാളി സമാജം , ബദാസായിദ് , റുവൈസ് , എന്നിവിടങ്ങളിലായി നടന്ന പഠനോത്സവത്തിൽ 204 വിദ്ധ്യാർത്ഥികൾ പങ്കെടുത്തു. കണിക്കൊന്നയിൽ 96 വിദ്യാർത്ഥികളും സൂര്യകാന്തിയിൽ 73 വിദ്യാർത്ഥികളും ആമ്പലിൽ 35 വിദ്യാർത്ഥികളും പരീക്ഷ എഴുതി .
യു. എ. ഇ. യിൽ ആദ്യമായാണ് ആമ്പൽ പഠനോത്സവം നടന്നതെന്ന പ്രത്യേകതയും ഈ പഠനോത്സവത്തിനുണ്ട്.