അശ്രദ്ധയും നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മയും കൊണ്ടാണ് സന്ദർശക വിസയിൽ യുഎഇയിലെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ നിന്ന് മടങ്ങിപോകേണ്ടി വരുന്നത്. ഏതു രാജ്യത്തെയും വിസിറ്റ് വിസ അനുവദിക്കുന്നത് ആ രാജ്യത്തെ ഹോട്ടലുകളുടെ (താമസ സൗകര്യം ഏർപ്പെടുത്തുന്നവരുടെ) ഉത്തരവാദിത്തത്തിലാണ്. യുഎ ഇയിൽ 30 ദിവസം മുതൽ 60 ദിവസത്തേക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്.
5000 ദിർഹം (1.3 ലക്ഷം രൂപ) അൽകൗണ്ടിൽ ഉണ്ടായിരിക്കണം മടങ്ങിപ്പോകാനുള്ള വിമാന ടിക്കറ്റിന്റെ രേഖകളും ഹാജരാക്കണം. വരുന്നവരുടെ ലക്‌ഷ്യം തൊഴിലന്വേഷണം ആകരുത്. പാസ്‌പോർട്ടിന് ചുരുങ്ങിയത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം. ആരോഗ്യ ഇൻഷുറൻസ് രേഖകളും കൈവശം ഉണ്ടായിരിക്കണം. ചില രാജ്യങ്ങളിൽ നിന്നുള്ളവക്ക് ആ രാജ്യത്ത് അനുവദിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡ് പരിശോധനയിൽ കാണിച്ചിരിക്കണം. ഈ നിബന്ധനകൾ പാലിക്കാതെ വന്ന ചിലരെയാണ് കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തിൽ എഡിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചതും ചിലരെ തിരിച്ചു വിട്ടതും.
യുഎഇയിൽ റെസിഡൻസ് വിസയുള്ളവരുടെ കൂടെ സന്ദർശക വിസയിൽ വരുന്നവരെ അധികൃതർ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചിരുന്നു. യു. കെ. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അനുവദിക്കുന്ന റെസിഡൻസ് വിസയുള്ളവർക്കും യു.എസ്. അനുവദിക്കുന്ന ഗ്രീൻ കാർഡോ വിസിറ്റ് വിസയോ ഉള്ളവർക്കും മാത്രമാണ് യു.എ. ഇ. യിൽ വിസ ഓൺ അറൈവൽ അനുവദിക്കുന്നത്. ജി. സി. സി. രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമാണ് ഇ- വിസ അനുവദിക്കുന്നത്.
നിയമങ്ങൾ ഇങ്ങനെയാണെങ്കിലും ലോകത്തെ പ്രധാന ടൂറിസ്റ്റ് രാജ്യങ്ങളിൽ ഒന്നായ യുഎഇയിൽ ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് കർശനമായ പരിശോധനകൾ നടക്കാറില്ല . എന്നാൽ ചില പ്രത്യേക സമയങ്ങളിൽ എമിഗ്രേഷൻ വിഭാഗം കർശന പരിശോധന നടത്തുകയും നടപടികൾ എടുക്കുകയും ചെയ്യാറുണ്ടെന്ന് യു.എ.ഇ. യിലെ പ്രമുഖ ട്രാവൽ ഏജൻസികൾ വ്യക്തമാകുന്നുണ്ട് . എമിഗ്രേഷൻ വിഭാഗത്തിനല്ലാതെ വിമാനക്കമ്പനികൾക്ക് യാത്രാ രേഖകൾ പരിശോധിക്കാനുള്ള അധികാരമില്ല. എമിഗ്രേഷൻ വിഭാഗം പുറത്തുവിടുന്ന സർക്കുലറിന്റെ അടിസ്ഥാനത്തിൽ വിമാനക്കമ്പനികൾക്ക് നിർദ്ദേശങ്ങൾ നൽകാം. വിസ അപേക്ഷ സമയത്ത് തിരികെ പോകാനുള്ള വിമാന ടിക്കറ്റ് രേഖകൾ ഹാജരാകുന്നതിനാൽ തിരിച്ചയക്കുന്നവരെ തിരികെ നാട്ടിൽ എത്തിക്കാനുള്ള ഉത്തരവാദിത്തം വിമാനക്കമ്പനികൾക്കുണ്ട്. എന്നാൽ പലപ്പോഴും ട്രാവൽ ഏജൻസികൾ ഡമ്മി ടിക്കറ്റുകൾ ഹാജരാക്കിയാണ് വിസ നേടുന്നത്. ഇത് മൂലമാണ് യാത്രക്കാർ വിമാനത്താവളങ്ങളിൽ അകപ്പെടുന്നത്