ദുബായിലെ പ്രധാന റോഡായ ഷെയ്ഖ് സായിദ് റോഡിൽനിന്നും എമിറേറ്റിലെ വൻ പദ്ധതികളിലൊന്നായ പാം ജബൽ അലിയിലേക്ക് പ്രവേശിക്കാൻ റോഡ് നിർമ്മിക്കുന്നു. ആറ് കിലോമീറ്റർ നീളത്തിൽ നിർമ്മിക്കുന്ന റോഡിന് പാം ജബൽ അലി പദ്ധതി നിർമ്മാതാക്കളായ ‘നഖീൽ’ കരാർ നൽകിയതായി ഞായറാഴ്ചയാണ് വെളിപ്പെടുത്തിയത്.
ദുബായ് വാട്ടർ ഫ്രണ്ടിലെ അൽ ഹെസാ സ്ട്രീറ്റിനെ (പഴയ അബുദാബി റോഡ്) പാം ജബൽ അലിയുമായി ബന്ധിപ്പിക്കുന്ന റോഡ് വേക്കും തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനും കമ്പനി കരാർ നൽകിയിട്ടുണ്ട്.
പാം ജുമൈറയുടെ ഇരട്ടി വലിപ്പമുള്ള ഈന്തപ്പനയുടെ ആകൃതിയിലുള്ള കൃത്രിമ ദ്വീപായ പാം ജബൽ അലിയിൽ ഏകദേശം 35,000 കുടുംബങ്ങൾക്ക് താമസ സൗകര്യമുണ്ടാകുമെന്ന് ദുബൈ ഹോൾഡിങ് റിയൽ ചീഫ് എക്സിക്യ ട്ടീവ് ഓഫീസർ ഖാലിദ് അൽ മാലിക് പറഞ്ഞു.
ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിലെ വളരെ പ്രതീക്ഷാപൂർവം കാത്തിരിക്കുന്ന പദ്ധതിയാണ് പാം ജബൽ അലി. 10.5 ശാശലക്ഷം ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള ഈ ദ്വീപിൽ മൊത്തം 110 കിലോമീറ്റർ തീരപ്രദേശവും 91 കിലോമീറ്റർ ബീച്ചുമുണ്ട്. വിനോദത്തിനും മറ്റുമായി 80ലധികൾ ഹോട്ടലുകളും റിസോർട്ടുകളുമുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നഖീൽ വില്ലകളുടെ ആദ്യ സെറ്റ് വിൽപ്പനക്ക് വച്ചപ്പോൾ മണിക്കൂറുകൾക്കകം വിറ്റുതീരുകയുണ്ടായി. പ്രോപ്പർട്ടി ബ്രോക്കർമാരുടെയും നിക്ഷേപകരുടെയും നീണ്ട നിരയാണ് വിൽപ്പനക്ക് സാക്ഷ്യം വഹിച്ചത് .