അൽ-ഐൻ മാർക്കറ്റിലെ ഈത്തപ്പഴവിപണി സജീവമായി. നഗാൾ ഇനത്തിൽപ്പെട്ട റുതബുകളാണ് വിപണിയിലെത്തിയത്. റുതബിന് 500 ദിർഹം മുതൽ 1000 ദിർഹംവരെ വിലയുണ്ടായിരുന്നു. ഒമാനിൽ നിന്ന് റുതബുകൾ എത്തിത്തുടങ്ങിയതോടെ വിലകുറയാൻ തുടങ്ങി. തേനൂറും മധുരമുള്ള റുതബുകൾ വാങ്ങാൻ എത്തുന്നത് കൂടുതലും സ്വദേശികളാണ്.
യുഎഇയിലെ അൽ ഐനിലെ തോട്ടങ്ങളിൽ ഈത്തപ്പഴങ്ങൾ പഴുത്തു തുടങ്ങുന്നതോടെ അലൈൻ വിപണി കൂടുതൽ സജീവമാകും. പകുതി പഴുപ്പെത്തിയ ഖലാസും പഴുത്ത് മൃദുലമായ റുതബുമാണ് വിപണിയിൽ പ്രിയം. സീസണിന്റെ തുടക്കത്തിൽ ഒമാനിൽ നിന്നുമാണ് ഈത്തപ്പഴം എത്തുന്നത്. ഒമാനികൾ അലൈനിലെത്തി സ്വദേശികൾക്ക് നേരിട്ട് കൈമാറുകയാണ് പതിവ്.
ഈ വർഷം മഴ കൂടുതൽ ലഭിച്ചതും ചൂട് കൂടാൻ വൈകിയതും അലൈനിലെ തോട്ടങ്ങളിൽ ഈത്തപ്പഴങ്ങൾ പഴുത്ത് പാകമാകാൻ വൈകുന്നതിന് കാരണമായിട്ടുണ്ട്. ഒമാനിലെ തോട്ടങ്ങളിൽ നിന്ന് നെഗാൾ , ചുവപ്പ് നിറമുള്ള ജെഷ് വ, എന്നീ ഇനങ്ങളാണ് പ്രധാനമായും വിപണിയിൽ തുടക്കത്തിൽ എത്തുക. അടുത്ത ആഴ്ചകളിലായി ഹിലാൽ , ലുലു , തുടങ്ങിയ ഇനങ്ങളും ഈത്തപ്പഴക്കമ്പോളത്തിൽ എത്തും. നാട്ടിൽപോകുന്ന മലയാളികളും വാങ്ങിക്കൊണ്ട് പോകുന്ന ഒരു ഇനമാണിത്. ഇത് കൂടാതെ കിംറി എന്നറിയപ്പെടുന്ന പഴുക്കാത്ത ഇനവും തമർ എന്നറിയപ്പെടുന്ന ഉണക്കിയ ഈത്തപ്പഴവും ലഭ്യമാണ്.
ചൂട് കൂടുന്നതോടെ അലൈനിലെ തോട്ടങ്ങളിലും ഈത്തപ്പഴം പഴുത്ത് തുടങ്ങും അതോടെ വില ഗണ്യമായി കുറയും. ഇവ വിപണിയിൽ സുലഭമായി എത്തുന്നതോടെ കിലോക്ക് 10 ദിർഹം വരെയായി വില കുറയും.
ഈത്തപ്പഴ സീസണിൽ തന്നെയാണ് യു.എഇയിലും ഒമാനിലും മാമ്പഴത്തിന്റെയും വിളവെടുപ്പ്. റുതബുകൾക്കൊപ്പം വിൽപ്പനക്കായി വിപണിയിലെത്തുന്ന മറ്റൊരു പ്രധാന ഇനമാണ് മാമ്പഴം. ഫുജൈറയിൽ നിന്നും ഒമാനിൽ നിന്നും യമനിൽ നിന്നുമാണ് ഇപ്പോൾ മാമ്പഴം എത്തുന്നത്.
ഇന്ത്യൻ മാങ്ങകൾക്ക് പുറമെ പാകിസ്ഥാനിൽ നിന്നും ഏറെ രുചിയും മധുരവുമുള്ള മാമ്പഴങ്ങൽ വിപണിയിൽ സുലഭമാണ്. മലപ്പുറം സ്വദേശികളും ബംഗാളികളുമാണ് മാർക്കറ്റിൽ കൂടുതലായി ഈ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നത്.