അനധികൃത യാത്രാ ഗതാഗത സേവനങ്ങൾ തടയുന്നതിനായി ആരംഭിച്ച കർശന നടപടിയുടെ ഭാഗമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) അടുത്തിടെ 225 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ ആണ് അനധികൃതമായി സർവീസ് നടത്തിയ ടാക്‌സികൾ കണ്ടെത്തിയത്.
ലൈസൻസില്ലാത്ത യാത്രാ ഗതാഗതവും അനുബന്ധ പ്രവർത്തനങ്ങളും ലക്ഷ്യമിട്ട് ആർടിഎ അടുത്തിടെ നിരവധി പരിശോധനകൾ നടത്തിയിരുന്നു. ദുബായ് പോലീസ്, എയർപോർട്ട് സെക്യൂരിറ്റി, എമിറേറ്റ്‌സ് പാർക്കിംഗ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധന. ഇതിൻ്റെ ഫലമായി 220 ലധികം വാഹനങ്ങൾ പിടിച്ചെടുക്കുകയും നൂറുകണക്കിന് പിഴകൾ നിയമലംഘകർക്ക് നൽകുകയും ചെയ്തിരുന്നു.
ദുബായിൽ എവിടെയും യാത്രക്കാരെയോ ചരക്കുകളോ കൊണ്ടുപോകുന്ന അനധികൃത ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർമാർക്ക് കോർപ്പറേറ്റ് നിയമലംഘകർക്ക് 50,000 ദിർഹവും വ്യക്തികൾക്ക് 30,000 ദിർഹവും വരെയാണ് പിഴ ലഭിക്കുക.