കേന്ദ്രമന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ആരംഭിച്ച എൻഡിഎ പാർലമെൻ്ററി പാർട്ടി യോഗത്തിൽ നരേന്ദ്ര മോദിയെ നേതാവായി നിർദേശിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് മോദിയുടെ പേര് നിർദേശിച്ചത്. ബിജെപിയുടെ മുതിർന്ന നേതാക്കളായി അമിത് ഷായും നിതിൻ ഗഡ്‌കരിയും നിർദേശത്തെ പിന്തുണച്ചു. തുടർന്ന് നടന്ന പ്രസംഗത്തിൽ മോദിയെ പ്രശംസിച്ച് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു രംഗത്തെത്തി.
മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വരുന്ന ഞായറാഴ്ചയാണ് നടക്കുക. കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ എംപിയായ സുരേഷ് ഗോപി കേന്ദ്രമന്ത്രിയായും മോദിയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും.
നേരത്തെ, കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ഇനിയും മറുപടി പറയുന്നത് നെഗറ്റീവ് ആവുമെന്നായിരുന്നു ദില്ലിയിലെത്തിയ സുരേഷ് ഗോപി പ്രതികരിച്ചത്. ഒരുപാട് പേര് വിളിച്ചു ഉപദേശിച്ചുവെന്നും എല്ലാം ദൈവ നിശ്ചയം പോലെ നടക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.