ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് പന്തളത്ത് നടത്തിയ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ പരുക്കേറ്റയാൾ മരിച്ചു. കുരമ്പാല സ്വദേശി ചന്ദ്രൻ ഉണ്ണിത്താനാണ് മരിച്ചത്. സിപിഎം ഓഫീസിൽ നിന്നുണ്ടായ കല്ലേറിൽ പരുക്കേറ്റാണ് ചന്ദ്രൻ മരിച്ചതെന്ന് ബിജെപി- ആർഎസ്എസ് നേതൃത്വം ആരോപിച്ചു. ഇതിനിടെ കല്ലേറിൽ പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ശബരിമലയിൽ യുവതികൽ ദർശനം നടത്തിയതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തെ തുടർന്ന് സംസ്ഥാന വ്യാപകമായി വൻ അക്രമസംഭവങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. പലയിടങ്ങളിലും സർക്കാർ വാഹനങ്ങളും മറ്റും അടിച്ചു തകർത്തു. റോഡുകളിൽ തീയിട്ടും മറ്റും ഗതാഗതതടസ്സം സൃഷ്ടിച്ചു. കടകൾ കൈയേറി. സെക്രട്ടേറിയറ്റിനു മുന്നിൽ സി.പി.എം-ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മഹിളമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടയാനും ശ്രമം. ബി.ജെ.പി, യുവമോർച്ച പ്രകടനത്തിനിടെ അക്രമത്തിൽ അഞ്ചു മാധ്യമപ്രവർത്തകർക്കു മർദനമേറ്റു. കാമറകളും മൈക്കുകളും നശിപ്പിച്ചു. മറ്റിടങ്ങളിലും മാധ്യമ പ്രവർത്തകർക്കു നേരെ അക്രമം നടന്നു. പൊലീസുകാർക്കും പരിക്കേറ്റു.
കോഴിക്കോട് ശബരിമല യുവതീ പ്രവേശനത്തിൽ ആഹ്ലാദം പങ്കിടാൻ ഒത്തുചേർന്ന ഇരുപതോളം മാത്രം വരുന്ന സാമൂഹ്യ പ്രവർത്തകർക്ക് നേരെ ഇരുന്നൂറോളം വരുന്ന ആൾക്കൂട്ടം അക്രമം അഴിച്ചു വിട്ടു. സാരമായ പരിക്കേറ്റ ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊച്ചിയിലും സാമൂഹ്യ പ്രവത്തകരുടെയും വിവിധ സ്ത്രീ-ദളിത് സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിലേക്ക് മഹിളാ മോർച്ചക്കാർ പ്രതിഷേധവുമായി എത്തിയെങ്കിലും പോലീസ് ഇടപെട്ട് അവരെ സ്ഥലത്തുനിന്നും മാറ്റി.