പ്രതികൂല കാലാവസ്ഥയും കുത്തൊഴുക്കും പുഴയിലെ ചെളിയും പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനു വേണ്ടിയുള്ള തിരച്ചിൽ പതിമൂന്നാം ദിനവും തുടരും. ഇന്ന് രാവിലെ ഒൻപതോടെ തിരച്ചിൽ പുനരാരംഭിച്ചു. അർജുന്റെ ലോറിയുണ്ടെന്നു കരുതുന്ന ഗംഗാവലി നദിയിൽ ശക്തമായ അടിയൊഴുക്ക് തുടരുന്നത് ദൗത്യസംഘത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 10 കിലോ മീറ്ററിലേറെ വേഗത്തിലാണ് നദിയിൽ ഒഴുക്ക് തുടരുന്നത്. മുങ്ങൽ വിദഗ്ധർക്കു പോലും വെള്ളത്തിലെ ഒഴുക്കിൽ പിടിച്ചുനിൽക്കാനാവാത്ത സ്ഥിതിയാണ്.