യുഎഇയിലെ ആദ്യത്തെ വിശുദ്ധ ഖുർആൻ ടിവി ചാനൽ നാളെ ഓഗസ്റ്റ് 16 വെള്ളിയാഴ്ച സംപ്രേക്ഷണം ആരംഭിക്കാൻ ഒരുങ്ങുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ നിന്നുള്ള വാക്യങ്ങളുടെ സവിശേഷമായ പാരായണം ഉൾപ്പെടുന്ന ഒരു ട്രയൽ ബ്രോഡ്കാസ്റ്റ് നാളെയുണ്ടാകും.
ചാനലിലൂടെ, പ്രേക്ഷകർക്ക് വിശുദ്ധ ഖുർആൻ പാരായണം 24 മണിക്കൂറും കാണാനും കേൾക്കാനും കഴിയും. ഏറ്റവും പ്രശസ്തരായവർ ഖത്തം ഓതും. (ഖത്തം എന്നത് വിശുദ്ധ ഗ്രന്ഥത്തിൻ്റെ തുടക്കം മുതൽ അവസാനം വരെ പാരായണം ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു.)
മതപരമായ ആശയങ്ങൾ ലളിതമാക്കുകയും പൊതുജനങ്ങൾക്ക് അവ മനസ്സിലാക്കാൻ എളുപ്പമാക്കുകയും ചെയ്യുന്ന ഹ്രസ്വ വിദ്യാഭ്യാസ പരിപാടികളും ഉണ്ടാകും. വിശുദ്ധ ഖുർആനിൻ്റെ ശരിയായ ധാരണ വർദ്ധിപ്പിക്കുകയും ഇന്നത്തെ തലമുറയ്ക്ക് അനുയോജ്യമായ രീതിയിൽ അതിൻ്റെ വ്യാഖ്യാനങ്ങൾ അവതരിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.
ഷാർജ ബ്രോഡ്‌കാസ്റ്റിംഗ് അതോറിറ്റി (എസ്‌ബിഎ) നടത്തുന്ന പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ഹോളി ഖുർആൻ ചാനൽ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് ഇത് തയ്യാറാക്കിയത്.