ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് നീളുന്ന മജാൻ, അൽ ബറാറി കമ്യൂണിറ്റി എൻട്രൻസ്, എക്സിറ്റ് കവാടങ്ങളിൽ നടത്തിവന്ന നവീകരണ പ്രവൃത്തികൾ പൂർത്തിയായതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
തുരങ്ക പാതയിൽനിന്ന് റിവേർസിബിൾ ലൈൻ സംവിധാനത്തിലേക്ക് വാഹനങ്ങളുടെ നീക്കം വഴിതിരിച്ചുവിടുക, കമ്യൂണിറ്റി പ്രവേശന കവാടങ്ങളിൽ സിഗ്നലുകളോടു കൂടിയ പുതിയ ജങ്ഷൻ സ്ഥാപിക്കുക തുടങ്ങിയ വികസന പ്രവൃത്തികളാണ് പൂർത്തിയായത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം മെച്ചപ്പെടുത്താനും തിരക്ക് കുറക്കാനും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനോട് ചേർന്നുള്ള പ്രദേശങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കാനും കഴിയുമെന്ന് ആർ.ടി.എ വ്യക്തമാക്കി.