ദുബായ്: ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയുള്ള മീറ്റ് അപ്പ് സംഘടിപ്പിക്കാൻ ദുബായിലെ കഫേ. ജുമൈറയിലെ കഫേയിലാണ് ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയുള്ള മീറ്റ് അപ്പ് സംഘടിപ്പിക്കുന്നത്. ഫോൺ രഹിത മീറ്റ് അപ്പ് സംഘടിപ്പിക്കുന്നതോടെ നോ-ഡിവൈസ് സോണായി മാറുകയാണ് ഈ കഫേ.
നെതർലാൻഡ്സിൽ നിന്നുള്ള ഓഫ്ലൈൻ ക്ലബ്ബാണ് ഇത്തരമൊരു ആശയം വിഭാവനം ചെയ്തിരിക്കുന്നത്. സേവാ കഫേയുമായി സഹകരിച്ചാണ് ക്ലബിന്റെ പ്രവർത്തനം. കഫേയിൽ പ്രവേശിക്കുമ്പോൾ, ഫോണുകൾ ഇവിടെ കൈമാറണം. പിന്നീട് ഈ മീറ്റ് അപ്പ് സെഷൻ അവസാനിക്കുമ്പോൾ മാത്രമായിരിക്കും നിങ്ങൾക്ക് ഫോണുകൾ തിരികെ ലഭിക്കുന്നത്. സന്ദർശകർക്ക് പുസ്തകം വായിക്കുകയോ ചിത്രം വരയ്ക്കുകയോ മറ്റുള്ളവരുമായി സംസാരിച്ചിരിക്കുകയോ ഇഷ്ടമുള്ള മറ്റ് കാര്യങ്ങൾ ചെയ്യുകയോ ചെയ്യാം. എന്നാൽ, ഫോണോ മറ്റ് ഡിജിറ്റൽ ഉപകരണങ്ങളോ ഉപയോഗിക്കരുതെന്ന് മാത്രമാണ് നിബന്ധന.
മീറ്റിംഗിന്റെ ആദ്യ ഭാഗത്തിൽ സോളോ എൻഗേജ്മെന്റിന് സമയമുണ്ടാകും. തുടർന്ന് ഇന്ററാക്ടീവ് സോഷ്യൽ സെഷനും കഫേയുടെ പൂന്തോട്ടത്തിൽ സൗണ്ട് ഹീലിംഗ് എക്‌സ്പീരിയൻസുമുണ്ടാകും. 2024 ഫെബ്രുവരിയിലാണ് ക്ലബ് ഇത്തരമൊരു പരിപാടി ആദ്യമായി സംഘടിപ്പിക്കുന്നത്. ആംസ്റ്റർഡാമിലെ ഒരു കഫേയിലാണ് ക്ലബ്ബ് ഇത്തരമൊരു ഹാംഗ്ഔട്ട് സംഘടിപ്പിച്ചത്. ഇത് വിജയച്ചതോടെയാണ് പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ക്ലബ്ബ് തീരുമാനിച്ചത്.