ദുബായ്: കാണാതായ തന്റെ ഭർത്താവിനെ മൂന്ന് വർഷങ്ങൾക്ക് ശേഷം കണ്ടെത്തി യുഎഇയിലെ ഇന്ത്യൻ പ്രവാസിയായ യുവതി. വർഷങ്ങൾക്ക് ശേഷമുള്ള ഇരുവരുടെയും കണ്ടുമുട്ടലിലൂടെ വൈകാരിക നിമിഷങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഭർത്താവിനെ കണ്ടെത്താനായി കോമൽ എന്ന സ്ത്രീ നടത്തിയ ശ്രമങ്ങളാണ് ഇപ്പോൾ പരിസമാപ്തിയിലെത്തിയിരിക്കുന്നത്.
സെപ്തംബർ 19 ന് യുഎഇയിലെ ഒരു മാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് ഇവരുടെ ജീവിതത്തിൽ നിർണായക വഴിത്തിരിവായത്. 3 വർഷങ്ങൾക്ക് മുൻപാണ് കോമലിന് തന്റെ ഭർത്താവ് സഞ്ജയ് മോട്ടിലാൽ പാർമറിനെ നഷ്ടമായത്. അന്ന് മുതൽ തന്റെ ഭർത്താവിനെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു കോമൽ. എന്നാൽ അദ്ദേഹത്തെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിരുന്നില്ല. സെപ്തംബർ 19 ന് മാദ്ധ്യമത്തിൽ വന്ന സഞ്ജയെ കുറിച്ചുള്ള വാർത്ത അബുദാബിയിൽ നിന്നുള്ള പാകിസ്ഥാൻ ടെക്നീഷ്യനായ അലി ഹസ്നൈന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ അലി ഈ മാദ്ധ്യമത്തെ ബന്ധപ്പെട്ട് സഞ്ജയ് തനിക്കും തന്റെ സഹോദരൻ മുഹമ്മദ് നദീമിനുമൊപ്പം ഖലീഫ സ്ട്രീറ്റിൽ താമസിക്കുന്നുണ്ടെന്ന് അറിയിച്ചു. തുടർന്ന് ഈ മാദ്ധ്യമത്തിലെ അധികൃതർ സഞ്ജയുടെ ഭാര്യ കോമലിനെയും മകൻ ആയുഷിനെയും വിവരം അറിയിച്ചു. പിന്നീട് ഇവരെ ദുബായിൽ നിന്നും അബുദാബിയിലേക്ക് എത്തിച്ചു. ഇതോടെയാണ് ചിതറിപ്പോയ കുടുംബം വീണ്ടും ഒന്നിച്ചത്.
മൂന്ന് വർഷങ്ങളായുള്ള തങ്ങളുടെ കാത്തിരിപ്പിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നതെന്ന് കോമൽ വ്യക്തമാക്കി. ഒരു ഇന്ത്യൻ റിക്രൂട്ട്മെന്റ് ഏജന്റാണ് തന്നെ വഞ്ചിച്ചതെന്നും സാമ്പത്തിക ബുദ്ധിമുട്ടുകളും തുടർന്നുണ്ടായ പ്രശ്നങ്ങളുമാണ് തന്നെ കുടുംബത്തിൽ നിന്നും അകറ്റിയതെന്നും സഞ്ജയ് പറഞ്ഞു. ഒരു ചില്ലിക്കാശും തന്റെ പക്കലില്ലായിരുന്നു. തന്റെ വിസ കാലഹരണപ്പെട്ടു. പിഴ അടയ്ക്കാൻ പോലും തന്റെ കയ്യിൽ പണമില്ലാതായി. തന്റെ ദയനീയാവസ്ഥ കണ്ട അലി ഹസ്നൈനും മുഹമ്മദ് നദീമുമാണ് തനിക്ക് അഭയം നൽകിയതെന്ന് സഞ്ജയ് പറഞ്ഞു. മുഹമ്മദിന്റെ ഡെലിവറി ബൈക്ക് ബിസിനസിൽ സഹായിച്ചും ചെറിയ ചെറിയ ജോലികൾ ചെയ്തും സഞ്ജയ് അന്നുമുതൽ ഇവർക്കൊപ്പം താമസിച്ചു വരികയായിരുന്നു.
ഇനിയുള്ള കാലം തന്റെ കുടുംബത്തോടൊപ്പം ജീവിക്കാൻ യുഎഇ പൊതുമാപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജയ്.