അബുദാബി: അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കും ജനവാസ കേന്ദ്രങ്ങളിൽ ശല്യം സൃഷ്ടിക്കുന്ന വാഹനങ്ങൾക്കും പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ഇത്തരം പെരുമാറ്റങ്ങളിൽ ഏർപ്പെടുന്ന ഡ്രൈവർമാർക്ക് 2,000 ദിർഹം പിഴയും അവരുടെ ലൈസൻസിൽ 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.
സാമൂഹ്യ മാദ്ധ്യമമായ എക്‌സ് പ്ലാറ്റ് ഫോമിൽ പങ്കുവെച്ച ബോധവത്കരണ വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അശ്രദ്ധമായി വാഹനമോടിക്കുന്നതും പാർപ്പിട പരിസരങ്ങളിൽ ശബ്ദവും ശല്യവും ഉണ്ടാക്കുന്നത് ഒഴിവാക്കണമെന്നും പോലീസ് അഭ്യർത്ഥിച്ചു.
അശ്രദ്ധമായി വാഹനമോടിക്കുന്നത് ഒഴിവാക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്ന് ഈ വീഡിയോയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നുണ്ട്. മറ്റുള്ളവർക്ക് ഭയവും അസ്വസ്ഥതയും ഉണ്ടാക്കുന്ന തരത്തിലുള്ള ശബ്ദമുണ്ടാക്കുന്നതും ഒഴിവാക്കേണ്ടതാണ്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പിഴ ചുമത്തുമെന്നും ഉദ്യോഗസ്ഥൻ വിശദീകരിച്ചു.