ഷാർജ: ഷാർജയിൽ പുതിയ വാടക നിയമം. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുതിയ വാടക നിയമ ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ വാടകകരാർ നിയമം അനുസരിച്ച് ഇഷ്യു ചെയ്ത് 15 ദിവസത്തിനുള്ളിൽ വാടക കരാറുകൾ അംഗീകരിക്കാൻ ഷാർജയിലെ ഭൂവുടമകൾ ബാധ്യസ്ഥരാണ്.
പുതിയ വാടക നിയമത്തിലെ വ്യവസ്ഥകൾ എമിറേറ്റിൽ റസിഡൻഷ്യൽ, വാണിജ്യ, വ്യാവസായിക അല്ലെങ്കിൽ പ്രഫഷനൽ ആവശ്യങ്ങൾക്കായി വാടകയ്ക്കെടുക്കുന്ന വസ്തുവകകൾക്ക് ബാധകമായിരിക്കും. പുതിയ നിയമപ്രകാരം, വാടക കരാർ ആരംഭിച്ച് മൂന്ന് വർഷം കഴിയുന്നതുവരെ രണ്ട് കക്ഷികളും ഒരു മാറ്റത്തിന് പരസ്പരം സമ്മതിക്കുന്നില്ലെങ്കിൽ ഭൂവുടമകൾക്ക് വാടക വർദ്ധിപ്പിക്കാൻ കഴിയില്ല.
ആ മൂന്ന് വർഷത്തെ കാലയളവിനുള്ളിൽ ഒരു വാടകക്കാരൻ വാടക വർദ്ധനവ് സ്വീകരിക്കുകയാണെങ്കിൽ, രണ്ട് വർഷത്തേക്ക് വീണ്ടും വാടക വർദ്ധിപ്പിക്കാൻ ഭൂവുടമയ്ക്ക് കഴിയില്ല. പ്രാരംഭ കാലയളവിനുശേഷം, ഏത് വാടക വർദ്ധനയും ന്യായമായ വാടക മൂല്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം നിശ്ചയിക്കേണ്ടത്.
വാടകയ്ക്കെടുത്ത വസ്തുവും അതിന്റെ അനുബന്ധ സാമഗ്രികളും ഒരു തടസ്സവുമില്ലാതെ വാടകക്കാരന് കൈമാറുക. വാടക കരാറിലെ രണ്ട് കക്ഷികളും വാടകയ്ക്ക് എടുത്ത വസ്തുവിന്റെ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുക. വാടകക്കാരന്റെ രേഖാമൂലമുള്ള അനുമതിയില്ലാതെ വാടകയ്ക്കെടുത്ത വസ്തുവിൽ അതിന്റെ ഉപയോഗത്തെ തടയുകയോ ബാധിക്കുകയോ ചെയ്യുന്ന മാറ്റങ്ങളൊന്നും വരുത്തരുത്. വാടകയ്ക്ക് എടുത്ത വസ്തുവിൽ ഇന്റീരിയർ ഡിസൈൻ ജോലികൾ നടത്താൻ ആഗ്രഹിക്കുമ്പോഴെല്ലാം എമിറേറ്റിലെ ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കുന്നതിന് ആവശ്യമായ അനുമതികൾ വാടകക്കാരന് നൽകുക. ഈ പ്രവൃത്തികൾ വസ്തുവിന്റെ ഘടനയെയോ അത് സ്ഥിതിചെയ്യുന്ന കെട്ടിടത്തെയോ ബാധിക്കില്ല. വാടകക്കാരനെ വ്യക്തിപരമായോ മറ്റുള്ളവർ മുഖേനയോ ശല്യപ്പെടുത്തുന്നതോ, വാടക വസ്തു ഒഴിയാൻ സമ്മർദം ചെലുത്തുന്നതോ ആയ ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെടരുതെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.