ദുബായ്: ദുബായിലെ രണ്ട് പ്രധാന റോഡുകളിലെ വേഗപരിധി വർദ്ധിപ്പിച്ചു. അൽ അമർദി സ്ട്രീറ്റിന്റെയും ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റിന്റെയും ചില ഭാഗങ്ങളിലാണ് വേഗപരിധി ഉയർത്തിയത്. ആർടിഎയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ 30 മുതലാണ് വേഗപരിധിയിലെ മാറ്റം നിലവിൽ വരിക.
ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലെ പരമാവധി വേഗപരിധി ദുബായ് അൽ ഐൻ റോഡിനും അക്കാദമിക് സിറ്റി റൗണ്ട് എബൗട്ടിനുമിടയിൽ മണിക്കൂറിൽ 100 കിലോമീറ്ററായി ഉയർത്തും.
അക്കാദമിക് സിറ്റി റൗണ്ട് എബൗട്ടിനും അൽ ഖവാനീജ് സ്ട്രീറ്റിനും ഇടയിൽ പരമാവധി വേഗപരിധി മണിക്കൂറിൽ 90 കിലോമീറ്ററായി ഉയർത്തും. അൽ ഖവാനീജ് സ്ട്രീറ്റിനും എമിറേറ്റ്സ് റോഡിനുമിടയിലുള്ള അൽ അമർദി സ്ട്രീറ്റിൽ വേഗപരിധി 90 കിലോമീറ്ററായാണ് ക്രമീകരിച്ചിരിക്കുന്നത്.
ഈ പ്രദേശങ്ങളിലെ ട്രാഫിക് അടയാളങ്ങളിലും റോഡ് അടയാളങ്ങളിലും പുതിയ വേഗപരിധി പ്രദർശിപ്പിക്കും. ഈ റോഡുകളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി.
ദുബായ് അൽഐൻ റോഡിലെ മേൽപ്പാലത്തിന്റെ വികസനം ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിൽ അടുത്തിടെ നടത്തിയിരുന്നു.