ദുബായ്: യുഎഇയെ രണ്ടാമത്തെ പ്രധാന പ്രതിരോധ പങ്കാളിത്തമുള്ള രാജ്യമായി പ്രഖ്യാപിച്ച് യുഎസ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ജോ ബൈഡൻ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് പ്രഖ്യാപനം. ഇന്ത്യയ്ക്ക് ശേഷം അമേരിക്കയുടെ പ്രധാന പ്രതിരോധ പങ്കാളിത്ത രാജ്യമായി യുഎഇയെ അംഗീകരിച്ചത്.
സംയുക്ത പരിശീലനത്തിലൂടെയും അഭ്യാസങ്ങളിലൂടെയും മറ്റ് സഹകരണ ശ്രമങ്ങളിലൂടെയും ഇന്ത്യയും യുഎഇയുമായി അമേരിക്ക ശക്തമായ സൈനിക സഹകരണം നടത്തുന്നുണ്ട്. ശൈഖ് മുഹമ്മദും ജോ ബൈഡനും തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയിൽ ഗാസയിലെ യുദ്ധ സാഹചര്യങ്ങളെ കുറിച്ചും ചർച്ച നടന്നു.
ഗാസയിലേക്ക് അടിയന്തര മാനുഷിക സഹായ വിതരണത്തിന് ഇരുവരും ആഹ്വാനം ചെയ്തു. ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തൽ കരാറിൽ ഏർപ്പെടുന്നതിനെ കുറിച്ചും നേതാക്കൾ സംസാരിച്ചു. വിവിധ മേഖലകളിൽ യുഎഇയും യുഎസും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനും നേതാക്കൾ തീരുമാനിച്ചു. ബഹിരാകാശ പര്യവേക്ഷണം, ഊർജ്ജം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും ഇരുവർക്കുമിടയിൽ ചർച്ചാ വിഷയമായി.