അജ്മാൻ: ഗതാഗത നിയമലംഘകരെ പിടികൂടാൻ അജ്മാനിൽ സ്മാർട്ട് സംവിധാനം നടപ്പിലാക്കുന്നു. ഒക്ടോബർ 1 മുതലാണ് അജ്മാനിൽ സ്മാർട്ട് സംവിധാനം നടപ്പിലാക്കുന്നത്.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാത്തതും കണ്ടെത്തുന്ന സ്മാർട്ട് മോണിറ്ററിംഗ് സംവിധാനം നടപ്പാക്കുമെന്ന് അജ്മാൻ പോലീസ് അറിയിച്ചു. ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയായിരിക്കും സ്വീകരിക്കുക. നിയമലംഘകർക്ക് 400 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളും ശിക്ഷയായി ലഭിക്കും.
പിൻസീറ്റിൽ ഇരിക്കുന്നവർ ഉൾപ്പെടെ ഒരു കാറിലെ എല്ലാ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് നിയമം അനുശാസിക്കുന്നു, അല്ലാത്തപക്ഷം വാഹനത്തിന്റെ ഡ്രൈവർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും നൽകുമെന്നും ഫെഡറൽ നിയമത്തിൽ വ്യക്തമാക്കുന്നു.
ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും എല്ലാവരും പാലിക്കണമെന്ന് അജ്മാൻ പോലീസ് അഭ്യർത്ഥിച്ചു.