ദുബായ്: ബെയ്റൂത് ഫ്ളൈറ്റ് സർവ്വീസിന്റെ റദ്ദാക്കൽ നീട്ടി എമിറേറ്റ്സ്, ഇത്തിഹാദ് വിമാന കമ്പനികൾ. ഇസ്രയേൽ-ലെബനൻ പ്രതിസന്ധിയുടെ സാഹചര്യത്തിലാണ് നടപടി. ഒക്ടോബർ 1 വരെ ബെയ്റൂതിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കുന്നതായി ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.
അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയർവേയ്സും ബെയ്റൂട്ടിലേക്കും തിരിച്ചുമുള്ള ഫ്ളൈറ്റ് സർവ്വീസുകൾ സെപ്തംബർ 29 വരെ റദ്ദാക്കി. തങ്ങൾ ലെബനനിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നുവെന്ന് വിമാന കമ്പനി അറിയിച്ചു. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നത്. ഫ്ളൈറ്റ് റദ്ദാക്കൽ നടപടിയിലൂടെ അസൗകര്യം നേരിടേണ്ടി വന്ന യാത്രക്കാരോട് കമ്പനി ഖേദപ്രകടനം നടത്തുകയും ചെയ്തു.
എയർ അറേബ്യയും സെപ്റ്റംബർ 29 ഞായറാഴ്ച വരെ ബെയ്റൂട്ടിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. ഫ്ളൈ ദുബായും ബെയ്റൂട്ടിലേക്കുള്ള വിമാന സർവ്വീസ് സെപ്തംബർ 27 വരെ റദ്ദാക്കിയിട്ടുണ്ട്. നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാർ റീബുക്കിംഗിനോ റീഫണ്ട് ഓപ്ഷനുകൾക്കോ ദുബായിലെ കോൾ സെന്ററുമായോ ട്രാവൽ ഏജന്റുമാരുമായോ ബന്ധപ്പെടണമെന്നും കമ്പനി വിശദീകരിച്ചു.
ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്. ബുധനാഴ്ച്ച 72 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.