ദുബായ്: അമ്പിളിയമ്മാവന് കൂട്ടായി ‘മിനി-മൂൺ’ ഇന്ന് മുതൽ ഭൂമിയെ ഭ്രമണം ചെയ്യും. സെപ്റ്റംബർ 29 മുതൽ നവംബർ 25 വരെയാകും ഭൂമിയുടെ ഭ്രമണപഥത്തിലൂടെ 2024 പിടി5 എന്ന ഈ കുഞ്ഞൻ ചന്ദ്രനും ചുറ്റിത്തിരിയുന്നത്. ഏകദേശം 10 മീറ്റർ മാത്രം നീളമുള്ള ഛിന്നഗ്രഹം (2024 PT5) ആയിരിക്കുമിത്.
ചന്ദ്രനെ പോലെ ഭൂമിയെ വലംവയ്ക്കുന്ന പ്രകൃതിദത്ത ഉപഗ്രഹമാണിതെന്ന് ശാസ്ത്ര ലോകം പറയുന്നു. ഭൂമിക്ക് യാതൊരു അപകടവും സൃഷ്ടിക്കാതെയായിരിക്കും ഇതിന്റെ യാത്ര. എന്നാലിത് ഭൂമിയെ പൂർണമായും വലംവെക്കുകയല്ല ചെയ്യുക.
ഏകദേശം ഒരു സിറ്റി ബസിന്റെ നീളമുള്ള ഛിന്നഗ്രഹം ‘അർജുന’ എന്ന ഛിന്നഗ്രഹ ബെൽറ്റിലെ അംഗമാണ്. ഇതിനെ ഭൂമിയുടെ ഗുരുത്വാകർഷണം ഭ്രമണപഥത്തിലേക്ക് പിടിച്ചെടുക്കുന്നതോടെയാണ് ഭൂമിയെ ചുറ്റിത്തിരിയാൻ കുഞ്ഞൻ ഛിന്നഗ്രഹം സജ്ജമാകുന്നത്. 37 അടി വലിപ്പമുള്ള ഈ ഛിന്നഗ്രഹം അതിന്റെ യഥാർഥ ഭ്രമണപഥമായ അർജുന ഛിന്നഗ്രഹ ബെൽറ്റിലേക്ക് നവംബർ 25ഓടെ മടങ്ങിപ്പോകും. ഭൂമിയുടേതിന് സമാനമായ ഭ്രമണപഥമുള്ള ബഹിരാകാശ പാറകൾ കൊണ്ട് നിർമിതമായ ദ്വിതീയ ഛിന്നഗ്രഹ വലയത്തെയാണ് അർജുന എന്ന് വിളിക്കുന്നത്.