റാസൽഖൈമ: ഗതാഗതവും അടിയന്തര സാഹചര്യങ്ങളും നിരീക്ഷിക്കാൻ 20 സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് റാസൽഖൈമ. എമിറേറ്റിലുടനീളമുള്ള ഗതാഗതം നിയന്ത്രിക്കുന്നതിന് സ്മാർട്ട് ഗേറ്റുകൾ ഏർപ്പെടുത്തുമെന്നാണ് പ്രഖ്യാപനം. റാസൽഖൈമ പോലീസാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
എമിറേറ്റിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും എക്സിറ്റിലും ഇരുപത് ഗേറ്റുകൾ സ്ഥാപിക്കുമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചായിരിക്കും അവയുടെ പ്രവർത്തനമെന്നും പോലീസ് വ്യക്തമാക്കി.
സേഫ് സിറ്റി ഡിജിറ്റൽ സിസ്റ്റം പദ്ധതിയുടെ ഭാഗമായാണ് ഈ സംരംഭം നടപ്പിലാക്കുക. റോഡ് സുരക്ഷ വർദ്ധിപ്പിക്കാനും ട്രാഫിക് അപകടങ്ങളും അത്യാഹിതങ്ങളും നിരീക്ഷിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് റാസൽഖൈമ പോലീസ് ജനറൽ കമാൻഡ് അറിയിച്ചു.
ഗേറ്റുകളിലെ സ്ക്രീനുകൾ കാലാവസ്ഥാ അപ്ഡേറ്റുകളെക്കുറിച്ചും റോഡ് അവസ്ഥകളെക്കുറിച്ചും ഡ്രൈവർമാരെ അറിയിക്കും. 20 സ്മാർട്ട് ഗേറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് റാസൽഖൈമ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അലി ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു.