ഷാർജ: വിദേശത്ത് നിന്നും കൊണ്ടുവന്ന അനധികൃത മയക്കുമരുന്ന് ഷാർജ പോലീസ് പിടികൂടി. മയക്കുമരുന്നുമായി ആറംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജരാണ് അറസ്റ്റിലായത്. സ്‌പൈസ് എന്നറിയപ്പെടുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
ഷിപ്പിംഗ് കമ്പനി വഴി വരുന്ന പാഴ്‌സൽ പരിശോധിച്ചപ്പോഴാണ് മയക്കു മരുന്ന് കണ്ടെത്തിയത്. A4 നോട്ടുബുക്കിലെ കടലാസിൽ കലർത്തിയായിരുന്നു സംഘം മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. മയക്കുമരുന്നിനൊപ്പം കഞ്ചാവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പ്രതികളെയെല്ലാം തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മയക്കുമരുന്ന് സംഘത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.