റാസൽഖൈമ: ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുള്ള നടപടികളുമായി റാസൽഖൈമ പോലീസ്. ഇതിനായി റാസൽഖൈമ പൊലീസ് ജനറൽ കമാൻഡ്പൊതുജന ബോധവൽകരണ ക്യാംപെയ്ൻ ആരംഭിച്ചു. ‘ബിവെയർ ഓഫ് സൈബർ ക്രൈം’ എന്ന പേരിലാണ് ബോധവത്കരണ ക്യാംപെയ്ൻ. ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ സഹകരണത്തോടെയാണ് റാസൽഖൈമ പോലീസിന്റെ നടപടി.
വ്യാജ ഇലക്ട്രോണിക് ലിങ്കുകൾ, ഫിഷിങ് സന്ദേശങ്ങൾ, ഫോൺ കോളുകൾ, വഞ്ചനാപരമായ പരസ്യങ്ങൾ തുടങ്ങിയവ തടയുന്നതിൽ വിദഗ്ധരുമായി തത്സമയ സംവാദം, സൈബർ കുറ്റവാളികൾ ഉപയോഗിക്കുന്ന ടെക്നിക്കുകൾ, തന്ത്രങ്ങൾ എന്നിവ ക്യാംപെയ്നിൽ വിശദീകരിക്കും. തട്ടിപ്പ് നടത്തുന്നവരെയും സാധ്യതയുള്ള തട്ടിപ്പുകളെയും തിരിച്ചറിയുന്നതിന് റാസൽ ഖൈമ പൊലീസ് ഉദ്യോഗസ്ഥരും മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റും ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസും തമ്മിലുള്ള സംയുക്ത ശ്രമമാണ് ഈ ക്യാംപെയ്ൻ ലക്ഷ്യമിടുന്നത്.
സജീവവും നൂതനവുമായ സേവനങ്ങളിലൂടെ എല്ലാവരുടെയും ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ ദൗത്യത്തിന്റെ ഭാഗമായി കൂടിയാണ് ഈ നീക്കം.