ദുബായ്: ഇസ്രായേൽ ആക്രമണം തുടരുന്ന ലെബനനായി പൊതുജനങ്ങളിൽ നിന്ന് സഹായം സ്വീകരിച്ച് യുഎഇ. ഹ്യുമാനിറ്റേറിയൻ കൗൺസിലാണ് ലെബനനു വേണ്ടി ഫണ്ട് സമാഹരണം ആരംഭിച്ചത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. ഒക്ടോബർ 12ന് എക്‌സ്‌പോ സിറ്റിയിലെ ദുബായ് എക്‌സിബിഷൻ സെന്ററിലും 13ന് അബൂദബി പോർട്‌സിലെ ക്രൂയിസ് ടെർമിനലിലും സംഭാവനകൾ സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
സംഘർഷം തുടരുന്ന ലബനാനിലേക്ക് ആറു വിമാനങ്ങളിലായി 205 ടൺ സഹായവസ്തുക്കളാണ് ഇതുവരെ യുഎഇ എത്തിച്ചിട്ടുള്ളത്. മാനുഷിക സഹായമെന്ന നിലയിൽ നൂറു മില്യൺ യുഎസ് ഡോളറിന്റെ ദുരിതാശ്വാസ പാക്കേജ് യുഎഇ പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ലബനാൻ യുഎഇ വിത്ത് ലെബനൻ എന്ന പേരിലാണ് സഹായ പദ്ധതി.
അതേസമയം, ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യുഎച്ച്ഒ) സഹകരിച്ച് 40 ടൺ അടിയന്തര മെഡിക്കൽ സപ്ലൈകളുമായി യുഎഇ വെള്ളിയാഴ്ച ലെബനനിലേക്ക് ഒരു വിമാനം അയക്കുകയും ചെയ്തിരുന്നു.