അബുദാബി: സാമൂഹിക പ്രവർത്തകൻ റെജിലാൽ കോക്കാടൻ അന്തരിച്ചു. യുഎഇയിൽ ഉണ്ടായ ഒരു വാഹനാപകടത്തെ തുടർന്നാണ് അദ്ദേഹം മരണപ്പെട്ടത്. വർഷങ്ങളോളം മസ്‌കത്തിലും പിന്നീട് അബുദാബിയിലും സാമൂഹിക പ്രവർത്തനരംഗത്ത് സജീവമായിരുന്ന വ്യക്തിയാണ് അദ്ദേഹം. അൽ മൻസൂർ കോൺട്രാക്ടിങ്ങ് കമ്പനിയിൽ ഓപ്പറേഷൻ മാനേജറായിരുന്നു. ജോലികഴിഞ്ഞു തിരിച്ചുവരുന്നതിനിടെ അബുദാബിയിലാണ് അപകടം സംഭവിച്ചത്.
കേരള സോഷ്യൽ സെന്ററിന്റെ കഴിഞ്ഞവർഷത്തെ ഓഡിറ്ററായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ സജീവപ്രവർത്തകനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ മായ റജിലാൽ കേരള സോഷ്യൽ സെന്ററിന്റെ വനിതാ കമ്മിറ്റി അംഗമാണ്. ദീർഘകാലം മസ്‌കത്തിൽ കൈരളിയുടെ ഭാരവാഹിയായിരുന്നു. എട്ടുവർഷമായി കുടുംബസമേതം അബുദാബിയിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.