അബുദാബി: ഏപ്രിൽ മാസം യുഎഇയിൽ ഉണ്ടായ പേമാരിയിലെ നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് കമ്പനികൾ കൊടുക്കേണ്ടിവന്നത് കോടികളെന്ന് കണക്കുകൾ.. 917.5 കോടി ദിർഹത്തിലേറെ (20979.55 കോടി രൂപ) തുകയാണ് നഷ്ടപരിഹാരമായി നൽകേണ്ടിവന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ പ്രകൃതി ദുരന്തങ്ങളിലുള്ള വസ്തു, വാഹന ഇൻഷുറൻസ് പ്രീമിയം പല കമ്പനികളും വർധിപ്പിച്ചിരിക്കുകയാണ്. ഇത് സാധാരണക്കാരെ വെട്ടിലാക്കി.
ദുബായ്, ഷാർജ എമിറേറ്റുകളിലായിരുന്നു മഴക്കെടുതികളിൽ കൂടുതലും അനുഭവപ്പെട്ടത്. യുഎഇ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം മഴ ലഭിക്കുന്നത്. തുടർച്ചയായി 3 ദിവസം കോരിച്ചൊരിഞ്ഞ മഴയിൽ ദുബായ്, ഷാർജ എമിറേറ്റുകളുടെ പല ഭാഗങ്ങളും വെള്ളത്തിലായിരുന്നു.
മഴക്കെടുതികളെ തുടർന്ന് ഏതാനും ദിവസം വ്യോമ, കര ഗതാഗതവും സ്തംഭിച്ചിരുന്നു. വീടുകൾ, ഗൃഹോപകരണങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയും ഉപയോഗശൂന്യമായി. ആഴ്ചകൾ എടുത്താണ് റോഡുകളും ഭൂഗർഭ പാതകളും ഗതാഗത യോഗ്യമാക്കിയത്.