ദുബായ്: ദുബായിൽ മരുഭൂമിയിൽ ശൈത്യകാല ക്യാംപിങ്ങിന് ഒക്ടോബർ 21 ന് തുടക്കം കുറിക്കും. ഏപ്രിൽ അവസാനം വരെയാണ് മരുഭൂമിയിൽ താൽക്കാലിക ടെന്റിൽ ക്യാംപിങ്ങിന് അവസരമൊരുങ്ങുന്നത്. അൽ അവീറിൽ ക്യാംപിങ് കേന്ദ്രങ്ങൾ ദുബായ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യമാണ് മുനിസിപ്പാലിറ്റി സജ്ജമാക്കുന്നത്.
ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ക്യാംപുകളുടെ മുന്നിൽ വാഹനം നിർത്തിയിടാൻ സൗകര്യം ലഭിക്കും. ക്യാംപുകൾക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്നതിനു താൽക്കാലിക കച്ചവട സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള പെർമിറ്റും അനുവദിക്കും. ക്യാംപ് ചെയ്യുന്നതിനു താൽപര്യമുള്ളവർക്കു മുനിസിപ്പാലിറ്റി പെർമിറ്റ് നൽകും. താൽക്കാലിക ക്യാംപുകൾക്ക് സുരക്ഷാ നിയന്ത്രണവും അതിരും മുനിസിപ്പാലിറ്റി നിർണയിക്കും. ലഭിച്ച സ്ഥലത്തെ ക്യാംപിന്റെ രൂപം പെർമിറ്റ് ഉടമകൾക്കു തീരുമാനിക്കാം. സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്നാണ് നിർദ്ദേശം. ഓരോ ക്യാംപുകൾക്കു ചുറ്റും വേലി നിർബന്ധമാണ്. ഇതിനു പുറത്തെ സ്ഥലം ഒരു തരത്തിലും ഉപയോഗിക്കാൻ പാടില്ലെന്നും അധികൃതർ നിർദ്ദേശിക്കുന്നു.
എല്ലാ സ്ഥലത്തും തീയണപ്പ് യന്ത്രങ്ങൾ നിർബന്ധമാണ്. വെടിക്കെട്ട് നടത്താൻ പാടില്ല. സാൻഡ് ബൈക്കുകൾക്ക് പരമാവധി 20 കിലോമീറ്റർ വേഗമാണ് നിശ്ചയിച്ചിട്ടുള്ളത്. ഫ്‌ളാഷ് ലൈറ്റുകളും ഉച്ചഭാഷണികളും നിരോധിച്ചിട്ടുണ്ട്. ദുബായ് പൊലീസ്, ആർടിഎ, സിവിൽ ഡിഫൻസ്, ദുബായ് ഇലക്ട്രിസിറ്റ് ആൻഡ് വാട്ടർ അതോറിറ്റി എന്നിവരുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പരിസര ശുചിത്വം എല്ലാ ക്യാംപുകളും ഉറപ്പാക്കണം. അഗ്‌നി സുരക്ഷാ മാർഗങ്ങൾ ഉറപ്പാക്കണം. ദുബായ് മുനിസിപ്പാലിറ്റിയുടെ www.dm.gov.ae എന്ന വെബ്‌സൈറ്റിലൂടെയാണ് പെർമിറ്റിന് അപേക്ഷ നൽകേണ്ടത്.