അബുദാബി: യുഎഇയിൽ ഓൺലൈനായി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്‌മെന്റാണ് ഇതുസബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഇത്തരം തട്ടിപ്പുകൾ വർധിച്ച സാഹചര്യം കണക്കിലെടുത്താണ് നടപടി.
വ്യാപകമായ ആറിനം തട്ടിപ്പുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയാണ് പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് അധികൃതർ ആവശ്യപ്പെട്ടത്. പ്രതിയും ഇരയും തമ്മിൽ മുൻകാല ബന്ധങ്ങളും ഇടപെടലും സൂചിപ്പിക്കുന്ന ദൃശ്യമോ സന്ദേശമോ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുക, വ്യക്തിഗത അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ഡേറ്റ മോഷ്ടിച്ച് അവ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുക, വ്യക്തിഗത ഡേറ്റ വിൽക്കുമെന്ന് ഭയപ്പെടുത്തുക, ഡേറ്റ പ്രസിദ്ധീകരിച്ചാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി പണം തട്ടുക, സാമ്പത്തിക- വാണിജ്യ വിവരങ്ങൾ പുറത്തുവിട്ടാൽ ജോലി നഷ്ടമാകുമെന്ന് ഭീഷണിപ്പെടുത്തുക, ഇരയുമായി സൗഹാർദം സ്ഥാപിച്ച് രഹസ്യ വിവരങ്ങൾ ശേഖരിക്കുകയും പിന്നീട് അവ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ആവർത്തിക്കപ്പെടുന്നത്. ഈ തട്ടിപ്പുകളെ കുറച്ച് ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.
നിയമലംഘകർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.