ദുബായ്: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കാൻ ദുബായ്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടാൻ ദുബായ് പോലീസ് നിർദ്ദേശിച്ചു. റോഡ് സുരക്ഷ വർദ്ധിപ്പിച്ച് അപകടം കുറയ്ക്കുകയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യം വെക്കുന്നത്. നിരീക്ഷണം ശക്തമാക്കിയും നിയമ ലംഘകർക്കുള്ള പിഴ വർദ്ധിപ്പിച്ചും മുന്നോട്ടുപോകാനാണ് ദുബായ് പോലീസിന്റെ തീരുമാനം.
ജീവനോ സ്വത്തിനോ ഗതാഗത സുരക്ഷയ്ക്കോ അപകടം ഉണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിക്കുക, വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാതിരിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽഫോണോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കുക, ഹെവി വാഹനങ്ങൾ റോഡിലെ ലെയ്ൻ അച്ചടക്കം പാലിക്കാതിരിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും.
തക്കതായ കാരണമില്ലാതെ നടു റോഡിൽ വാഹനം നിർത്തിയിടുക, അപകടകരമാകും വിധം ഓവർടേക്ക് ചെയ്യുക, അടിയന്തരമായ സാഹചര്യങ്ങളിൽ അല്ലാതെ ഹാർഡ് ഷോൾഡറിൽ വാഹനം നിർത്തിയിടുക, അംഗീകൃത നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കുക, തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനം ഓടിക്കുക, മതിയില്ലാതെ വാഹനത്തിന്റെ നിറം മാറ്റുക തുടങ്ങിയ കുറ്റങ്ങൾ ചെയ്യുന്നവരുടെ വാഹനം 14 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും ദുബായ് പോലീസ് കൂട്ടിച്ചേർത്തു.